നൂറ് ദിവസത്തിനകം അമ്പതിനായിരം പുതിയ വൈദ്യുതി കണക്ഷനുകള്‍നല്‍കുമെന്ന് വൈദ്യുതി മന്ത്രി

June 20, 2011 കേരളം

തിരുവനന്തപുരം:കേരള സര്‍ക്കാരിന്റെ നൂറ് ദിവസത്തെ കര്‍മപരിപാടിയുടെ ഭാഗമായി അടുത്ത നൂറ് ദിവസത്തിനകം അമ്പതിനായിരം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2011 മാര്‍ച്ച് 31ന് മുന്‍പ് പണമടച്ച മുഴുവന്‍ ആളുകള്‍ക്കും കണക്ഷന്‍ നല്‍കും-മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ 1000 കിലോമീറ്റര്‍ നീളത്തില്‍ 11 കെ.വി. ലൈന്‍ സ്ഥാപിക്കുമെന്നും 1500 പുതിയ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കുമെന്നും 2000 കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ലൈനുകള്‍ ത്രീഫേസാക്കുകയും ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
രാജീവ്ഗാന്ധി റൂറല്‍ ഗ്രാമീണ്‍ വിദ്യുകരണ്‍ യോജനയുടെ രണ്ടാംഘട്ട പദ്ധതി സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ കൂടി നടപ്പിലാക്കും. 100 കോടി രൂപയുടെ പദ്ധതിക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞു. മലബാറിലെ ജില്ലകളിലെ പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഊര്‍ജ സംരക്ഷണത്തിനുവേണ്ടി അനര്‍ട്ടുമായി ചേര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് എനര്‍ജി സ്മാര്‍ട്ട് സ്‌കൂള്‍ എന്ന പദ്ധതി നടപ്പിലാക്കും. അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിടുന്ന പദ്ധതിയില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കൂളിന് ഒരു ലക്ഷം രൂപയും ജില്ലയിലെ മികച്ച സ്‌കൂളിന് 25,000 രൂപയും പാരിതോഷികം നല്‍കും. വീട്ടില്‍ മികച്ച രീതിയില്‍ ഊര്‍ജ സംരക്ഷണം നടപ്പിലാക്കുന്ന ഓരോ സ്‌കൂളിലെയും മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വീതം ക്യാഷ്‌പ്രൈസ് നല്‍കും. ഒന്നാം സമ്മാനമായി 500 ഉം രണ്ടാം സമ്മാനമായി 300 ഉം മൂന്നാം സമ്മാനമായി 100 ഉം രൂപയാണ് നല്‍കുക. പദ്ധതിയുടെ ഭാഗമായി അനര്‍ട്ടിന്റെയും കെ.എസ്.ഇ.ബിയുടെയും ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജ സംരക്ഷണത്തിന് പരിശീലനം നല്‍കും.
വൈദ്യുതി പോസ്റ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ ഇടയാറില്‍ വൈദ്യുതി ബോര്‍ഡ് നേരിട്ട് ഒരു പോള്‍കാസ്റ്റ് യൂണിറ്റ് സ്ഥാപിക്കും. നൂറ് ദിവസത്തിനകം അതിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം