പരിയാരം ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം – വി.മുരളീധരന്‍

June 21, 2011 കേരളം

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ക്കെതിരേ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ നിഷ്‌പക്ഷ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാത്ത സ്വാശ്രയ കോളേജുകള്‍ പിടിച്ചെടുക്കാന്‍ നയം വേണം. ഇതിനു ഭരണഘടനാപരമായ തടസമുണ്ടെങ്കില്‍ സമഗ്ര കേന്ദ്രനിയമം നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിയാരം ഭരണസമിതി പിരിച്ചുവിട്ടു കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. ക്രമക്കേടുകള്‍ക്കെതിരേ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണ്. മകള്‍ക്ക് ന്യായമല്ലാത്ത രീതിയില്‍ പ്രവേശനത്തിനു ശ്രമിച്ച ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ കീഴിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ല. ഇതു കള്ളന്റെ കൈയില്‍ താക്കോല്‍ ഏല്‍പ്പിക്കുന്നതു പോലെയാണ്.
ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമെ സത്യം പുറത്തു കൊണ്ടുവരാനാകൂവെന്നും വി.മുരളീധരന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം