അഴിമതിയില്ലാത്ത്‌ ഭരണമാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ ഗവര്‍ണര്‍

June 24, 2011 കേരളം

തിരുവനന്തപുരം: അടുത്ത അഞ്ചു വര്‍ഷം അഴിമതിരഹിതവും സുതാര്യവുമായ ഭരണമാണു യുഡിഎഫ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്നു ഗവര്‍ണര്‍ ആര്‍.എസ്‌.ഗവായി പറഞ്ഞു. അതിവേഗം ബഹുദൂരം എന്നതാണു സര്‍ക്കാരിന്റെ മുദ്രാവാക്യം. സാമൂഹ്യ സുരക്ഷയ്‌ക്കും അടിസ്‌ഥാന സൗകര്യവികസനത്തിനും പ്രാധാന്യം നല്‍കും. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവയ്‌ക്കു മുന്‍ഗണന നല്‍കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. നയപ്രഖ്യാപനത്തില്‍ മുന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ക്രമസമാധാന പാലനം തൃപ്‌തികരമല്ല. അഴിമതിയും കെടുകാര്യസ്‌ഥതയും മുന്‍ സര്‍ക്കാരിന്റെ മുഖമുദ്ര ആയിരുന്നു എന്നു ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ കുറ്റപ്പെടുത്തി. കുട്ടനാട്‌ പാക്കേജ്‌ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിനു കഴിഞ്ഞില്ല. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന നയം ആയിരുന്നു എല്‍ഡിഎഫ്‌ സര്‍ക്കാരിന്റേതെന്നും നയപ്രഖ്യാപനത്തില്‍ കുറ്റപ്പെടുത്തി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു സഹായമെത്തിച്ചതു യുഡിഎഫ്‌ സര്‍ക്കാരിന്റെ ദൃഢനിശ്‌ചയം ആണ്‌.കേരളത്തിന്റെ നിക്ഷേപ സൗഹൃദ സംസ്‌ഥാനമാക്കും. സമൂഹത്തിലെയെല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. വിഴിഞ്ഞം പദ്ധതിക്കും മുന്‍ഗണന നല്‍കും. കൃഷി മെച്ചപ്പെടുത്തും. വിളവെടുപ്പും നെല്ലുസംഭരണവും ഉറപ്പാക്കും. ഭക്ഷ്യോല്‍പാദനം കൂട്ടും. പച്ചക്കറി ഉല്‍പാദനം കൂട്ടി സ്വയംപര്യാപ്‌ത കൈവരിപ്പിക്കും. ഇതു കാണിക്കുന്നത്‌ ഈ സര്‍ക്കാരിന്റെ നിശ്‌ചയദാര്‍ഢ്യം ആണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
ജൈവ കീടനാശിനികളുടെ ഉപയോഗവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുമെന്നും മാരിടൈം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ സ്‌ഥാപിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സപ്ലൈകോ ഏഴു നഗരങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ തുടങ്ങുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കും. കെഎസ്‌ആര്‍ടി 1000 പുതിയ ബസുകള്‍ നിരത്തിലിറക്കും. ദേശീയ ഗെയിംസ്‌ നടത്തിപ്പിനായി സൗകര്യം മെച്ചപ്പെടുത്തും.
മത്സ്യബന്ധനത്തിനു പോയി കാണാതാവുന്നവരെ തിരയാന്‍ വിദഗ്‌ധരുടെ പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കും. മദ്യപാനത്തിനെതിരെ ശക്‌തമായ നടപടിയെടുക്കും.ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടുവരും. പഞ്ചായത്തുകള്‍ക്കു കൂടുതല്‍ ഫണ്ട്‌ നല്‍കും. ടൂറിസം രംഗത്തു നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം