ശബരിമല മേല്‍പ്പാലം:മിലിട്ടറി എന്‍ജിനീയറിങ് വിഭാഗം നടപടി ആരംഭിച്ചു

June 26, 2011 കേരളം

തിരുവനന്തപുരം: ശബരിമല സന്നിധാനത്തുനിന്ന് 146 മീറ്റര്‍ നീളത്തില്‍ സൈനിക സഹായത്തോടെ മേല്‍പാലം പണിയാന്‍ നടപടി തുടങ്ങി. ഇതിനായി മിലിട്ടറി എന്‍ജിനീയറിങ് വിഭാഗം ഞായറാഴ്ച ശബരിമലയില്‍ പരിശോധനയ്ക്ക് എത്തും.
കേന്ദ്ര മന്ത്രി എ.കെ. ആന്‍റണിക്ക് ഇതു സംബന്ധിച്ച പദ്ധതിയുടെ രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദര്‍ശനത്തിനുശേഷം പുറത്തേക്ക് വരുന്ന ഭക്തര്‍ക്കുവേണ്ടിയാണ് മേല്‍പാലം പണിയാന്‍ ഉദ്ദേശിക്കുന്നത്. മാളികപ്പുറം സന്നിധിയുടെ പുറകില്‍ നിന്നും ചെറു പുഴ കടന്ന് ശരംകുത്തിയില്‍ വരുന്ന രീതിയിലാണ് പാത.
ഇടയ്ക്ക് വരുന്ന പാലത്തിനായാണ് സൈനിക സഹായം തേടുന്നത്. പുതിയപാത വരുന്നതോടെ തിരക്ക് നാലിലൊന്നായി കുറയ്ക്കാനാകുമെന്ന് കരുതുന്നു. ഇതിനായി അപ്പം, അരവണ പ്രസാദം കൗണ്ടറുകള്‍ പുനഃക്രമീകരിക്കേണ്ടിവരും.
പമ്പ ആക്ഷന്‍ പ്ലാന്‍, ഖരമാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടുത്തമാസം ബന്ധപ്പെട്ട എം.പിമാരുടെ യോഗം വിളിക്കും. ഖരമാലിന്യ സംസ്‌കരണത്തിന് അനുകൂല പദ്ധതികള്‍ സമര്‍പ്പിക്കാനും എം.പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം