ആഗോള നെല്ലുത്‌പാദനത്തില്‍ വര്‍ധന

June 26, 2011 ദേശീയം

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കാലാവസ്ഥ അനുകൂലമായതിനാല്‍ നെല്ലുത്പാദനത്തില്‍ വര്‍ധന രേഖപ്പെടുത്തി. ഈ വര്‍ഷം നെല്ലുത്പാദനം 4,760 ലക്ഷം ടണ്‍ ആകുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ.) കണക്കുകൂട്ടുന്നത്. 2.5 ശതമാനം വര്‍ധനയായിരിക്കും ഉത്പാദനത്തില്‍ ഉണ്ടാകുകയെന്നാണ് പ്രതീക്ഷ. കഴിഞ്ഞവര്‍ഷം 4,640 ലക്ഷം ടണ്‍ നെല്ലിന്റെ റൊക്കോഡ് വിളവാണ് ആഗോളതലത്തില്‍ ഉണ്ടായത്. ഇത് മുന്‍ വര്‍ഷത്തെക്കാള്‍ 1.8 ശതമാനം വര്‍ധനയായിരുന്നുവെന്ന് എഫ്.എ.ഒ. വെളിപ്പെടുത്തി.
2011ലെ നെല്ലുത്പാദനത്തില്‍ 2.5 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടാകുമെന്ന് നേരത്തെ തന്നെ എഫ്.എ.ഒ. കണക്കുകൂട്ടല്‍ നടത്തിയിരുന്നു. കാലാവസ്ഥയുടെ ആനുകൂല്യം പ്രതീക്ഷിച്ചായിരുന്നു ഇത്. ഇതേ അവസ്ഥയില്‍ ഏഷ്യയില്‍ ഈ വര്‍ഷം നെല്ലുത്പാദനത്തില്‍ 2.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ചൈനയിലും ഇന്ത്യയിലും പാകിസ്ഥാനിലും ഉത്പാദനം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണിത്. ഇന്ത്യയിലെ ഈ വര്‍ഷത്തെ ഉത്പാദനം 940 ലക്ഷം ടണ്‍ ആയിരിക്കുമെന്നാണ് കാര്‍ഷിക മന്ത്രാലയത്തിന്റെ മൂന്നാം കണക്കെടുപ്പ് പറയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം