കൊച്ചി മെട്രോ:ഭൂമി ഏറ്റെടുക്കുന്നതിനായി പ്രത്യേക പാക്കേജ്

June 26, 2011 കേരളം

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കും. മെട്രോ റെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസത്തിനുള്ളില്‍ കൊച്ചിയില്‍ ഓഫീസ് തുടങ്ങുമെന്നും പദ്ധതിയുടെ ഭാവി സംബന്ധിച്ച് ആശങ്കയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നാഴ്ചയ്ക്കുള്ളില്‍ പദ്ധതിയെക്കുറിച്ചുള്ള വെബ്‌സൈറ്റ് ആരംഭിക്കാനും യോഗത്തില്‍ ധാരണയായി.
ഉമ്മന്‍ചാണ്ടിയെ കൂടാതെ കേന്ദ്രമന്ത്രി കെ,വി, തോമസ്, മന്ത്രി കെ, ബാബു, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍ എം.എല്‍.എ. തുടങ്ങിയവരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വ്യാപാരി പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്റെ നിലവിലെ പാലം പൊളിക്കേണ്ടിവരുമെന്നതിനാല്‍ ഉണ്ടാകുന്ന ഗതാഗതതടസ്സം ഒഴിവാക്കുന്നതിനുള്ള പോംവഴികളും യോഗം ചര്‍ച്ച ചെയ്തു.
അനുമതി ലഭിച്ചാല്‍ നാലു വര്‍ഷത്തിനകം കൊച്ചി മെട്രോ റെയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് യോഗത്തിനെത്തിയ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. 5000 കോടി രൂപയോളം വരുന്ന പ്രോജക്ടാണിതെന്നും ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ തടസം നീങ്ങുമെന്നും ആര്യാടന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം