ഡീസല്‍: അധിക നികുതി സംസ്ഥാനം ഉപേക്ഷിക്കും

June 27, 2011 കേരളം

തിരുവനന്തപുരം: ഡീസല്‍ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇതില്‍നിന്ന് ലഭിക്കുന്ന അധിക നികുതി സംസ്ഥാനം വേണ്ടെന്നു വയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുമൂലം ഡീസല്‍ വില 75 പൈസ കുറയും. സംസ്ഥാന സര്‍ക്കാരിന് തീരുമാനം 142.2 കോടിയുടെ നഷ്ടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഡീസല്‍ വില വര്‍ദ്ധന സംബന്ധിച്ച അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അവതരണാനുമതി തേടിയിരുന്നു. വിലവര്‍ദ്ധനയെ ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് തോമസ് ഐസക് എം.എല്‍.എ പറഞ്ഞു. രാജ്യത്തെ പെട്രോളിയം കമ്പനികള്‍ ലാഭം ഉണ്ടാക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയ്ക്ക് ജനങ്ങള്‍ നല്‍കേണ്ടിവന്ന വിലയാണ് ഡീസല്‍ വിലവര്‍ദ്ധനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡീസല്‍ വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന് ചെയ്യാനാവുന്നത് അധിക നികുതി ഒഴിവാക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പെട്രോള്‍ വില വര്‍ദ്ധിപ്പിച്ച സമയത്തും സര്‍ക്കാര്‍ അധികനികുതി വേണ്ടെന്നുവച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ സംസ്ഥാനത്ത് പണിമുടക്ക് നടത്തി. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഡീസലിന്റെ അധിക നികുതി വേണ്ടെന്നുവയ്ക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം