തട്ടിപ്പ് തടയാന്‍ കര്‍ശന നടപടി ഉടന്‍: മുഖ്യമന്ത്രി

June 27, 2011 കേരളം

തിരുവനന്തപുരം: തട്ടിപ്പുകള്‍ തടയാന്‍ നിയമനിര്‍മ്മാണം അടക്കമുള്ളവ ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഓണ്‍ലൈന്‍, മണിചെയിന്‍ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.
നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് മണിചെയിന്‍ നിയമവിരുദ്ധമാണ്. എന്നാല്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് മണിചെയിന്‍ രൂപത്തില്‍ അവതരിക്കുന്നത് തടയാനാണ് നടപടി വേണ്ടത്. ഇതിന് നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമെങ്കില്‍ നിയമനിര്‍മ്മാണം നടത്തും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുന്ന കാര്യവും പരിഗണിക്കും. ഫ്ലാറ്റ് തട്ടിപ്പുകള്‍ സംബന്ധിച്ച പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടു പോവുകയാണ്. 48 ഫ്ലാറ്റ് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ ചോദ്യോത്തര വേളയില്‍ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങള്‍ ഒഴിവാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളമുണ്ടാക്കി. പാമോയില്‍ കേസ്, ആരോപണ വിധേയരായ മന്ത്രിമാര്‍ എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ബഹളം.
ഇതുസംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടെന്നും ചോദ്യാത്തര വേളയ്ക്കുശേഷം ഇതിന് മറുപടി നല്‍കുമെന്നും സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം