ദേവസ്വം ബോര്‍ഡില്‍ സ്‌പെഷല്‍ റൂള്‍ പരിഷ്‌കരിച്ചു

June 27, 2011 കേരളം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കാനിരുന്ന സ്‌പെഷല്‍ റൂള്‍ പൂര്‍ണമായി പരിഷ്‌കരിച്ചു. സ്‌പെഷല്‍ റൂള്‍മൂലം ജീവനക്കാര്‍ക്കുണ്ടാകുന്ന എല്ലാവിധ നഷ്‌ടങ്ങളും പൂര്‍ണമായി ഒഴിവാക്കിയെന്ന്‌ എംപ്ലോയീസ്‌ കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ബോര്‍ഡ്‌ പ്രസിഡന്റ്‌ എം. രാജഗോപാലന്‍ നായരുമായി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
ദേവസ്വം ബോര്‍ഡിലെ ക്ഷേത്രജീവനക്കാരെ കണ്ടിന്‍ജന്‍സിയില്‍ നിന്ന്‌ ഒഴിവാക്കാനും ക്ലാസ്‌ ഫോര്‍ ആനുകൂല്യം നല്‍കാനും തീരുമാനിച്ചു. ക്ഷേത്രങ്ങളുടെ ഏറ്റവും പ്രധാന വിഭാഗമായ ശാന്തിക്കാരന്‍ ഫുള്‍ടൈം ആകുമ്പോള്‍ തന്നെ 4510-6230 സ്‌കെയില്‍ കിട്ടിക്കൊണ്ടിരുന്നത്‌ 8960-14260 സ്‌കെയില്‍ ആയി വര്‍ധിപ്പിച്ചു. ആനുകൂല്യങ്ങള്‍ ലഭിക്കാതിരുന്ന കാരാഴ്‌മ ജീവനക്കാര്‍ക്ക്‌ ആദ്യമായ ശമ്പള സ്‌കെയിലും വാര്‍ഷിക ഇന്‍ക്രിമെന്റും നല്‍കും. മറ്റെല്ലാ വിഭാഗം ക്ഷേത്ര ജീവനക്കാര്‍ക്കും ഇനി ക്ലാസ്‌ഫോര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സറണ്ടര്‍ ലീവ്‌ 150 ദിവസമാക്കി. പെന്‍ഷന്‍ 800 രൂപയില്‍ നിന്ന്‌ 1500 ആയും വര്‍ധിപ്പിച്ചു.
കുടുംബ പെന്‍ഷന്‍ 700 രൂപയില്‍ നിന്ന്‌ 1400 ആയും എക്‌സ്‌ഗ്രേഷ്യ 700 രൂപയില്‍ നിന്ന്‌ 1300 ആയും വര്‍ധിപ്പിച്ചു. മെഡിക്കല്‍ അലവന്‍സ്‌ 100 രൂപ ലഭിക്കും. സര്‍വീസിലിരിക്കെ മരിക്കുന്ന ജീവനക്കാര്‍ക്കു മരണാനന്തരച്ചടങ്ങിനു 10,000 രൂപ കുടുംബസഹായമായും ലഭിക്കുമെന്നും സംഘടന അറിയിച്ചു. 10 വര്‍ഷത്തില്‍ താഴെ സര്‍വീസ്‌ ഉണ്ടായിരുന്നതും ഇപ്പോള്‍ പെന്‍ഷന്‍ അര്‍ഹത ഇല്ലാതിരുന്നവര്‍ക്കും എക്‌സ്‌ഗ്രേഷ്യ 1000 രൂപയും മെഡിക്കല്‍ അലവന്‍സ്‌ 100 രൂപയുമാക്കി. പെന്‍ഷന്‍ ഇപ്പോള്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ജീവനക്കാര്‍ക്ക്‌ അടിസ്‌ഥാന പെന്‍ഷനില്‍ 32% ഡിആര്‍ ലയിപ്പിക്കും. ക്ഷേത്ര ജീവനക്കാരില്‍ സാങ്കേതിക യോഗ്യതയുള്ളവര്‍ക്കു സ്‌ഥാനക്കയറ്റം നല്‍കും.
ദേവസ്വം ബോര്‍ഡ്‌ അംഗം കെ. സിസിലിയും സെക്രട്ടറി പി.ആര്‍. അനിതയും ചര്‍ച്ചയില്‍ പങ്കെടുത്തു. ദേവസ്വം എംപ്ലോയീസ്‌ കോണ്‍ഫെഡറേഷനു വേണ്ടി പ്രസിഡന്റ്‌ ആര്‍. ഷാജി ശര്‍മ, ജി. വാസുദേവന്‍ നമ്പൂതിരി, എസ്‌. ശ്യാംപ്രകാശ്‌, ദേവസ്വം എംപ്ലോയീസ്‌ യൂണിയനുവേണ്ടി പ്രസിഡന്റ്‌ എം. ഗോവിന്ദന്‍ നമ്പൂതിരി, ബി. തുളസീധരന്‍ പിള്ള, പി.എസ്‌. പ്രസാദ്‌, സ്‌റ്റാഫ്‌ ഓര്‍ഗനൈസേഷനുവേണ്ടി ജന. സെക്രട്ടറി കെ.ബി. ബാലചന്ദ്രന്‍ നായര്‍, മധുസൂദനന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം