സ്വാശ്രയ വിദ്യാഭ്യാസം : പുതിയ നിയമം വരും

June 28, 2011 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലേക്കുള്ള പ്രവേശനത്തിന്‌ സാമൂഹ്യ നീതിയിലധിഷ്ഠിതമായ പുതിയ നിയമം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.
ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായാലുടന്‍ സ്വാശ്രയ പ്രശ്‌നത്തിന്‌ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച്‌ പ്രതിപക്ഷവുമായി കൂട്ടായ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ നിയമം രുപ്പീകരിക്കുന്നതിന് കേന്ദ്ര നിയമത്തിന്റെ ആവശ്യമില്ലെന്നും സ്വാശ്രയ പ്രശ്നം സംബന്ധിച്ച്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ മറുപടി പറയവെ മുഖമന്ത്രി വ്യക്തമാക്കി. അമ്പതു ശതമാനം സീറ്റുകള്‍ സര്‍ക്കാരിന്‌ വിട്ടുതരില്ലെന്ന ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിന്റെ നിലപാടിനോട്‌ സര്‍ക്കാരിന്‌ യോജിപ്പില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷത്ത്‌ നിന്ന്‌ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയാണ്‌ അടിയന്തരപ്രമേയത്തിന്‌ അനുമതി തേടിയത്‌. എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജുകളും സര്‍ക്കാരുമായി ധാരണയിലെത്തിയെന്നും മെറിറ്റ്‌ സീറ്റില്‍ 12,500 രൂപ മാത്രമായിരുന്നു ഫീസെന്നും പ്രമേയത്തിന്‌ അനുമതി തേടിക്കൊണ്ട്‌ ബേബി പറഞ്ഞു. എന്നാല്‍ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്‌ യാതൊരു തരത്തിലുള്ള വ്യവസ്ഥകളും ഇല്ലാതായതായും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന്‌ സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. ഇതിനിടെ പരിയാരം മെഡിക്കല്‍ കോളേജിലെ പ്രവേശന നടപടികളുമായി ബന്ധപ്പെട്ടുള്ള ചില പരാമര്‍ശങ്ങള്‍ സഭയില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനും, ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണനും നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം