സ്വയം മരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ബി.ജെ.പി നേതാവ്

June 28, 2011 ദേശീയം

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാറിന്റെ കീഴില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന അഴിമതിയും വിലക്കയറ്റവും ജീവിതനൈരാശ്യമുണ്ടാക്കുന്നതിനാല്‍ സ്വയം മരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ബി.ജെ.പിയുടെ മധ്യപ്രദേശ് സംസ്ഥാനഅധ്യക്ഷനും രാജ്യസഭാംഗവുമായ പ്രഭാത് ഝാ രാഷ്ട്രപതിക്ക് കത്തയച്ചു. കത്തിന്റെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ നിതിന്‍ഗഡ്കരിക്കും രാജ്യസഭാ-ലോകസഭാ പ്രതിപക്ഷ നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിക്കും സുഷമാസ്വരാജിനും അദ്ദേഹം അയച്ചിട്ടുണ്ട്.
ആത്മഹത്യ നിയമവിരുദ്ധമായതിനാലാണ് ദയാവധം അഭ്യര്‍ഥിക്കുന്നതെന്നും പ്രശസ്തിക്കുവേണ്ടിയുള്ള കുറുക്കുവഴിയായി ഇതിനെ കാണരുതെന്നും അദ്ദേഹം രാഷ്ട്രപതിക്കുള്ള കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 2004-ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നൂറ് ദിവസത്തിനകം വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്നാണ് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ ഹൃദയശൂന്യതയോടും നിരുത്തരവാദിത്വത്തോടെയും പെരുമാറുന്ന കേന്ദ്രസര്‍ക്കാറിനു കീഴില്‍ ദിനംപ്രതി വില വര്‍ധിക്കുന്നതിനാല്‍ സാധാരണക്കാരുടെ ജീവിതം നാള്‍ക്കുനാള്‍ ദുരിതപൂര്‍ണമാവുന്നു- പ്രഭാത് ഝാ ചൂണ്ടിക്കാണിക്കുന്നു.
തന്റെ മരണം സര്‍ക്കാറിന്റെ കണ്ണുതുറപ്പിക്കുകയാണെങ്കില്‍ 115 കോടി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നുള്ള പ്രതീക്ഷയിലാണ് സ്വയം മരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം