ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പിന് ഏഴംഗ സമിതി

June 28, 2011 കേരളം

തിരുവനന്തപുരം: ശബരിമല,മാളികപ്പുറം മേല്‍ശാന്തിമാരുടെ നിയമനത്തിനായി എഴുപേരടങ്ങുന്ന സമിതിയെ തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.രാജഗോപാലന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2002 മുതല്‍ നടന്ന തര്‍ക്കങ്ങളും കേസുകളുമാണ് ഇതോടെ പരിഹരിക്കപ്പെട്ടതെന്ന് പ്രസിഡന്റ് പറഞ്ഞു.
മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി.തോമസ് തയാറാക്കിയ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. സമവായത്തിലൂടെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും എല്ലാ കക്ഷികള്‍ളുടെയും അംഗീകാരമുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. സുപ്രീം കോടതിയാണ് സമവായ ശ്രമത്തിനായി ജസ്റ്റീസ് കെ.ടി.തോമസിനെ നിയോഗിച്ചത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍, താഴമണ്‍ മഠം അംഗങ്ങള്‍ എന്നിവരുമായി 11 തവണ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, രണ്ടംഗങ്ങള്‍, ദേവസ്വം കമ്മീഷണര്‍, താഴമണ്‍ മഠത്തിലെ മുതിര്‍ന്ന തന്ത്രി, ശബരിമലയില്‍ നിയോഗിച്ചിട്ടുള്ള താഴമണ്‍ മഠത്തിലെ തന്ത്രി, പുറത്ത് നിന്നുള്ള വിദഗ്ദ്ധനായ മറ്റൊരു തന്ത്രി എന്നിവരാണ് സമിതിയില്‍ ഉണ്ടാവുക. വിദഗ്ദ്ധനായ തന്ത്രിയെ തിരഞ്ഞെടുക്കുന്ന പാനല്‍ തയാറാക്കുന്നത് താഴമണ്‍ മഠം, ദേവസ്വം ബോര്‍ഡ്, പന്തളം കൊട്ടാരം എന്നിവരുടെ പങ്കാളിത്തത്തോടെയാണ്. നിലവില്‍ ഒരു മേല്‍ശാന്തിയെ തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഒഴിവാക്കി. 90 മാര്‍ക്കിനാണ് അഭിമുഖം.
ബോര്‍ഡിന്റെ വക സ്ഥലങ്ങളും കെട്ടിടങ്ങളും ഉപയുക്തമാക്കാനായി നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതിനായി താത്പര്യപത്രം ക്ഷണിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെ.എസ്.ഐ.ഡി.സി, ഇന്‍കെല്‍ എന്നിവയുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ലാഭകരമല്ലാത്ത 160 കല്യാണ മണ്ഡപങ്ങളും സദ്യാലയങ്ങളും മൂന്ന് വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌കരണത്തിന് 2009 ജൂലായ് മുതലുള്ള മുന്‍കാലപ്രാബല്യം നല്‍കും. ശംബള പരിഷ്‌കരണത്തിന് മാത്രം 15.34 കോടി പ്രതിമാസം അധികമായി വേണ്ടി വരും. മുന്‍കാല പ്രാബല്യം നല്‍കുന്നതിനാല്‍ 23 കോടിയും അധികമായി വേണ്ടി വരും. ബോര്‍ഡിന് ഇതിനുള്ള സാമ്പത്തിക ഭദ്രതയുണ്ടെന്നും പ്രിസിഡന്റ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം