വിവരാവകാശനിയമം; മറുപടി നല്‍കാത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

June 28, 2011 കേരളം

കോഴിക്കോട്: വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷകളില്‍ യഥാസമയം മറുപടി നല്‍കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് സംസ്ഥാന മുഖ്യ വിവരാവകാശകമ്മീഷണര്‍ സിബി മാത്യൂസ് പറഞ്ഞു. ഇങ്ങനെയുള്ളവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിവരശേഖരണം നടത്തുന്നത്. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു വകുപ്പുകളുമായും ഓഫീസുകളുമായും ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വിവരം ലഭ്യമല്ലെന്ന മറുപടി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ മറുപടി നല്‍കാന്‍ വ്യവസ്ഥയില്ല. ഇത്തരം എളുപ്പവഴി പല ഓഫീസുകളിലും സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ എവിടന്നാണ് മറുപടി ലഭിക്കുന്നതെന്ന് മനസ്സിലാക്കി അവിടത്തെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അയച്ചുനല്‍കിയശേഷം വിവരം അപേക്ഷകനെ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലകള്‍തോറും സിറ്റിങ് നടത്തി പരാതികള്‍ തീര്‍പ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം