പത്രപ്രവര്‍ത്തകരും ജീവനക്കാരും ഉപവാസ സമരം നടത്തി

June 28, 2011 കേരളം

തിരുവനന്തപുരം: മാധ്യമ മേഖലയിലെ ശമ്പള പരിഷ്‌കരണത്തിനുള്ള ജസ്റ്റിസ് മജീദിയ വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തകരും പത്രജീവനക്കാരും സംസ്ഥാന വ്യാപകമായി ഉപവാസ സമരം നടത്തുന്നു. തിരുവനന്തപുരത്ത് ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്‌കരണം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യം ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ജില്ലാ ആസ്ഥാനങ്ങളിലും ഉപവാസ സമരം നടക്കുന്നുണ്ട്. കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപമുള്ള കേന്ദ്ര ആദായനികുതി ഓഫീസിന് മുന്നില്‍ ഉപവാസ സമരം മുന്‍ എം.പി. തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നാലുവരെയാണ് ഉപവാസം.
കൊച്ചിയില്‍ നടന്ന ഉപവാസ സമരം മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. വേജ് ബോര്‍ഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.പിമാരായ പി. രാജീവ്, പി.ടി.തോമസ്, മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.റോയ് എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം