മെഡിക്കല്‍ പ്രവേശന പരീക്ഷ: സമയം നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍

June 28, 2011 ദേശീയം

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താനുള്ള സമയം നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ അറിയിച്ചു. സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഇത്. ഹര്‍ജി ജൂണ്‍ 30 ന് വീണ്ടും പരിഗണിക്കും.
അതിനിടെ സ്വന്തമായി പ്രവേശന പരീക്ഷ നടത്താന്‍ അനുവദിച്ചാല്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കാമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. പ്രവേശന പരീക്ഷ നീട്ടുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ അഭിപ്രായം കോടതി ആരാഞ്ഞു.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആയിരുന്നതിനാല്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെ മെഡിക്കല്‍ കൗണ്‍സില്‍ എതിര്‍ത്തു. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനിടെയും മെഡിക്കല്‍ പ്രവേശന പരീക്ഷാ നടപടികള്‍ പൂര്‍ത്തിയായെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം