ചാങ്ങ വേലായുധന്‍ അന്തരിച്ചു

June 30, 2011 കേരളം

തിരുവനന്തപുരം: ആള്‍കേരള കോളനി അസോസിയേഷന്‍ കേണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും പഴയകാല കോണ്‍ഗ്രസ്‌ നേതാവുമായ ചാങ്ങ വേലായുധന്‍ (70) അന്തരിച്ചു. `മലയാള കാഹളം’ മാസികയുടെ മാനേജിംഗ്‌ എഡിറ്റര്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ്‌ സ്‌മാള്‍ ആന്റ്‌ മീഡിയം ന്യൂസ്‌ പേപ്പേഴ്‌സിന്റെ (IFSMN) സംസ്ഥാന ജനറല്‍സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കേരള പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്റെയും ജേര്‍ണലിസ്റ്റ്‌ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെയും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവുമാണ്‌. ശ്രീ ചിത്തിര തിരുനാള്‍ സ്‌മാരകസമിതി, ആള്‍ കേരളാ ഗോള്‍ഡ്‌ വര്‍ക്കേഴ്‌സ്‌ കോണ്‍ഗ്രസ്‌, ക്ഷേത്രപ്രവേശന സ്‌മാരകസമിതി, കേരള ഹിന്ദുമിഷന്‍ മുന്‍ ബോര്‍ഡ്‌ മെമ്പര്‍, നഗരസംരക്ഷണവേദി തുടങ്ങി ഒട്ടേറെ സംഘടനകളില്‍ സാരഥ്യം വഹിച്ചിട്ടുണ്ട്‌. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ വിശ്വസ്‌ത അനുയായികളിലൊരാളായിരുന്നു ഇദ്ദേഹം. സംസ്‌കാരം വൈകുന്നേരം സ്വദേശമായ ചാങ്ങയില്‍ നടക്കും. ഭാര്യ: രാജമ്മ, മകള്‍: ദീപ.
ചാങ്ങ വേലായുധന്റെ ആകസ്‌മിക വേര്‍പാടില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ്‌ സ്‌മാള്‍ ആന്റ്‌ മീഡിയം ന്യൂസ്‌ പേപ്പേഴ്‌സിന്റെ ഭാരവാഹികളായ പൂവച്ചല്‍ സദാശിവന്‍, മുട്ടയ്‌ക്കാട്‌ രവീന്ദ്രന്‍ നായര്‍, മംഗലത്തുകോണം കൃഷ്‌ണന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം