മെഡിക്കല്‍ പി.ജി പ്രവേശനം വെള്ളിയാഴ്‌ച വരെ നീട്ടി

June 30, 2011 ദേശീയം

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലുള്ള പി.ജി സീറ്റുകളില്‍ പ്രവേശനത്തിനുള്ള തീയതി സുപ്രീം കോടതി ജൂലായ്‌ ഒന്നു വരെ നീട്ടി. കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. കേരളത്തിന്‌ സമയം നീട്ടിക്കൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതി വിധി അനുസരിച്ചായിരിക്കണം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്വാശ്രയമെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന്‌ അവകാശപ്പെട്ടതാണെന്ന്‌ മെഡിക്കല്‍ കൗണ്‍സിലിന്‌ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്ദര്‍ ശരണ്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇത്തരം സീറ്റുകളില്‍ നിയമവിരുദ്ധമായി പ്രവേശനം നേടിയവരെ പുറത്താക്കണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചു.
നേരത്തെ കര്‍ണാടകം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ തീയതി നീട്ടി ചോദിക്കുന്ന ഏതു സംസ്ഥാനത്തിനും അനുമതി നല്‍കാമെന്ന്‌ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു കേരളവും സുപ്രീം കോടതിയെ സമീപിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം