പ്രതികൂല കാലാവസ്ഥ: അമര്‍നാഥ്‌ തീര്‍ത്ഥാടനം നിര്‍ത്തിവച്ചു

July 3, 2011 ദേശീയം

ശ്രീനഗര്‍: പ്രതികൂല കാലാവസ്ഥയും ഉരുള്‍പൊട്ടലും കാരണം അമര്‍നാഥ്‌ തീര്‍ഥാടനം അധികൃതര്‍ താത്‌കാലികമായി നിര്‍ത്തിവെച്ചു. തീര്‍ഥാടകര്‍ക്ക്‌ ബാല്‍താലിലെ പാതയിലൂടെ സഞ്ചരിക്കാനാവാത്തതാണ്‌ യാത്ര നിര്‍ത്തിവെക്കാന്‍ കാരണം.
ഇതുമൂലം പഹല്‍ഹാം ബേസ്‌ ക്യാമ്പില്‍ നിന്ന്‌ നിരവധി തീര്‍ഥാടകര്‍ ചാന്ദ്‌നവരി വിശ്രമകേന്ദ്രത്തിലേക്ക്‌ മടങ്ങി. അതേസമയം, രാത്രി വിവിധ സ്ഥലങ്ങളില്‍ തങ്ങിയ തീര്‍ഥാടകര്‍ മഴയും മഞ്ഞുവീഴ്‌ചയും വകവെക്കാതെ അമര്‍നാഥ്‌ ഗുഹാ ക്ഷേത്രത്തിലേക്ക്‌ യാത്ര തുടങ്ങി.
46 ദിവസത്തെ തീര്‍ഥാടനത്തിന്റെ ആദ്യദിനമായ ജൂണ്‍ 29ന്‌ തന്നെ 16,000ത്തിലധികം പേര്‍ ഗുഹാക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കായി 5000 അര്‍ധസൈനികരെയും 5000 പോലീസിനെയും വിന്യസിച്ചിട്ടുണ്ട്‌. സമുദ്രനിരപ്പില്‍നിന്ന്‌ 3880 മീറ്റര്‍ ഉയരത്തിലുള്ള ക്ഷേത്രം സന്ദര്‍ശിക്കാനായി ഈ വര്‍ഷം 2.5 ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ചെയ്‌തിട്ടുണ്ട്‌. 45 ദിവസം തുടരുന്ന തീര്‍ഥാടനകാലം ആഗസ്‌ത്‌ 13ന്‌ അവസാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം