ലോക്‌പാല്‍ ബില്‍: സര്‍വകക്ഷിയോഗം ഇന്ന്

July 3, 2011 ദേശീയം

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതുസംബന്ധിച്ചുള്ള കൂടിയാലോചനയ്ക്കായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിട്ടുള്ള സര്‍വകക്ഷിയോഗം ഇന്ന് നടക്കും. പ്രധാനമന്ത്രിയെയും കോടതിയെയും ലോക്പാലിന്റെ കീഴില്‍ കൊണ്ടുവരണമെന്നതടക്കമുള്ള പൊതുസമൂഹ പ്രതിനിധികളുടെ നിര്‍ദേശങ്ങളെ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്നാണ് യോഗം ചര്‍ച്ചചെയ്യുക.
ജനതാദള്‍-യു വും അകാലിദളും ബി.ജെ.പി.ക്കൊപ്പം പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ മറ്റൊരു സഖ്യകക്ഷിയായ ശിവസേന യോഗത്തില്‍നിന്നും വിട്ടുനില്‍ക്കും. ശിവസേനാമേധാവി ബാല്‍ താക്കറെക്കെതിരെ അന്ന ഹസാരെ സംസാരിച്ചതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. യോഗത്തില്‍ ഭരണകക്ഷികളും മുഖ്യപ്രതിപക്ഷ സഖ്യമായ എന്‍.ഡി.എ.യും പങ്കെടുക്കും.
യോഗത്തില്‍ പങ്കെടുക്കേണ്ട എന്നതായിരുന്നു ബി.ജെ.പി.യുടെ തീരുമാനം. എന്നാല്‍ എന്‍.ഡി.എ. യോഗത്തിലുണ്ടായ സമവായത്തിനനുസരിച്ചാണ് ഞായറാഴ്ച നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത് സര്‍ക്കാറിന്റെ അഭിപ്രായം വ്യക്തമാക്കാന്‍ ആവശ്യപ്പെടാനായി തീരുമാനിച്ചത്. എന്‍.ഡി.എ ചെയര്‍മാന്‍ എല്‍.കെ.അദ്വാനിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. ശനിയാഴ്ച ബി.ജെ.പി നേതാക്കളും അന്ന ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹ പ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം