ശ്രീപത്മനാഭസ്വാമി ക്ഷേത്രനിധിശേഖരം: ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ഏറ്റെടുക്കാന്‍ പാടില്ലെന്ന്‌ മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരന്‍

July 3, 2011 കേരളം

ആലപ്പുഴ: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരം ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ഏറ്റെടുക്കാന്‍ പാടില്ലെന്ന്‌ മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരന്‍. ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെ നിയന്ത്രണം ഏറ്റെടുക്കണം. രാജകുടുംബത്തിന്‌ ഇക്കാര്യത്തില്‍ മതിയായ പ്രാധാന്യം നല്‍കണമെന്നും ജി.സുധാകരന്‍ പറഞ്ഞു. ശബരിമല പോലുളള ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ തന്നെ ദേവസ്വം ബോര്‍ഡ്‌ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേതം ഏറ്റെടുത്തു നടത്തുക എളുപ്പമാവില്ല.
അതിനാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെ നിയന്ത്രണം ഏറ്റെടുക്കണം. സര്‍ക്കാരിന്‌ നോമിനിയെ നിര്‍ദേശിക്കാവുന്നതാണ്‌. രാജകുടംബത്തിന്‌ അര്‍ഹമായ പ്രാധാന്യം നല്‍കണം.
മന്ത്രിയായിരുന്ന കാലത്ത്‌ ക്ഷേത്രം ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ ആവശ്യമുയര്‍ന്നിരുന്നു. പക്ഷെ അതിനോട്‌ തനിയ്‌ക്ക്‌ യോജിപ്പില്ലായിരുന്നുവെന്നും ജി.സുധാകരന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന പരിശോധനയിലൂടെ കേരളവും ശ്രീപത്‌മനാഭ ക്ഷേത്രവും ലോകശ്രദ്ധ നേടിയിരിക്കുന്നു. ഈ അമൂല്യ സമ്പത്തിന്റെ സംരക്ഷണത്തിന്‌ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്ത്‌ മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം