സ്വത്ത്‌ ക്ഷേത്രത്തിന്റേത്‌ തന്നെയാണെന്നും പൂര്‍ണ്ണ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

July 4, 2011 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ കണക്കെടുക്കുന്ന എല്ലാ  സ്വത്തുക്കളും ക്ഷേത്രത്തിന്റേതുതന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അഭിമാനമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുമെന്നും സുപ്രീംകോടതിയുടെ അനുമതിയോടെ സ്ഥിരം സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കേരളത്തിന്റെ അഭിമാനമാണ്. ഇതിന് ചരിത്രപരവും പുരാവസ്തുപരവും വിശ്വാസപരവുമായ പ്രാധാന്യമുണ്ട്. ഈ ക്ഷേത്രം കേരള സംസ്‌കാരത്തിന്റെ പ്രതീകവുമാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം ക്ഷേത്രത്തിന്റെ നിലവറകള്‍ തുറന്ന് ഉള്ളിലെ സ്വത്തുക്കളുടെ മൂല്യം തിട്ടപ്പെടുത്തിവരികയാണ്. നിലവറ തുറന്ന സമയത്തുതന്നെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്‍ പ്രാധാന്യത്തോടെ പുറത്തുവന്നത്. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷിതത്വവും സംരക്ഷണവും കേരളത്തിന്റെ കടമയും ആവശ്യവുമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. സ്വത്തുക്കള്‍ ക്ഷേത്രത്തിന്റേത് തന്നെയാണ്. ഇത് ശ്രീപത്മനാഭ സ്വാമിക്ക് സമര്‍പ്പിക്കപ്പെട്ടതാണ്. ഈ സ്വത്തുക്കള്‍ ക്ഷേത്രത്തില്‍ത്തന്നെ സുരക്ഷയോടുകൂടി സംരക്ഷിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇതിന്റെ പൂര്‍ണമായ ചെലവ് സര്‍ക്കാര്‍ വഹിക്കും. വിശ്വാസികള്‍ക്ക് ആചാര അനുഷ്ഠാനങ്ങളോടെ ആരാധന നടത്തുന്നതിന് ഒരുവിധത്തിലും തടസ്സം ഉണ്ടാകാതെയും ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ആയിരിക്കും സുരക്ഷ ഏര്‍പ്പെടുത്തുക. താത്കാലികവും സ്ഥിരവുമായ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. താത്കാലിക സംവിധാനങ്ങള്‍ ഉടന്‍ നിലവില്‍ വരും. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും. ക്ഷേത്രത്തിനടുത്ത് സ്ഥലം ലഭിച്ചാല്‍ സ്ഥിരം കണ്‍ട്രോള്‍ റൂം അങ്ങോട്ട് മാറ്റും. ക്ഷേത്രത്തിനുചുറ്റും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പട്രോളിങ് യൂണിറ്റ് ഉണ്ടായിരിക്കും. സ്വത്തുക്കളുടെ മൂല്യം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയിലെ സര്‍ക്കാര്‍ പ്രതിനിധിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ സ്ഥിരം സുരക്ഷാസംവിധാനത്തെക്കുറിച്ച് ആലോചിക്കും.
ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസ് പ്രാപ്തമാണെന്നും സി.ഐ.എസ്.എഫ് പോലുള്ള സേനയുടെ സഹായം ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള സുരക്ഷാ ക്രമീകരണം ക്ഷേത്രത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്വത്തുക്കളുടെ മുല്യത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട് സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ടതില്ല. സ്വത്തുക്കളുടെ മൂല്യം കണക്കാക്കി സുപ്രീംകോടതിക്ക് സമര്‍പ്പിക്കാനാണ് ഉത്തരവ്. അത് അതേപടി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന്‌ ഭക്തജനങ്ങളില്‍ പരക്കെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. രാജകുടുംബത്തോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുള്ള ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടതിലുള്ള സന്തോഷം വിവിധ ഹൈന്ദവപ്രസ്ഥാനങ്ങളും രേഖപ്പെടുത്തി.
ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍, ഡി.ജി.പി ജേക്കബ് പുന്നൂസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ഇന്റലിജന്‍സ് എ.ഡി.ജി.പി എ.ഹേമചന്ദ്രന്‍, ദക്ഷിണമേഖലാ എ.ഡി.ജി.പി ചന്ദ്രശേഖരന്‍, ഐ.ജി. ഗോപിനാഥ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം