മുരളി ദേവ്‌റ രാജിവെച്ചു

July 5, 2011 ദേശീയം

ന്യൂഡല്‍ഹി: കേന്ദ്ര കമ്പനികാര്യ മന്ത്രി മുരളി ദേവ്‌റ രാജി വെച്ചു. രാജിക്കത്ത്‌ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കു കൈമാറി. ദേശീയ ടെലിവിഷന്‌ നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. ആരോഗ്യ കാരണങ്ങളാലാണ്‌ തീരുമാനമെന്ന്‌ അദ്ദേഹം പറഞ്ഞു. മകനും ദക്ഷിണ മുംബൈയില്‍ നിന്നുളള എംപിയുമായ മിലിന്ദ്‌ ദേവ്‌റയെ സഹമന്ത്രിയാക്കണമെന്നും മുരളി ദേവ്‌റ പാര്‍ട്ടി നേതൃത്വത്തോട്‌ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്‌.
അതേസമയം, സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലി കേന്ദ്ര മന്ത്രി ജയ്‌പാല്‍ റെഡ്‌ഡിയുമായി ഉള്ള ഭിന്നതയാണു രാജിക്കു കാരണമെന്നും സൂചനകളുണ്ട്‌. കൃഷ്‌ണ- ഗോദാവരി തടത്തില്‍ പര്യവേഷണത്തിന്‌ സ്വകാര്യ കമ്പനികളെ പെട്രോളിയം മന്ത്രാലയം വഴിവിട്ടു സഹായിച്ചെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്‌. മുരളി ദേവ്‌റ പെട്രോളിയം മന്ത്രിയായിരുന്ന കാലയളവിലാണ്‌ ആരോപണ വിധേയമായ ഇടപാട്‌ നടന്നത്‌. മന്ത്രിസഭ പുനഃ സംഘടനയ്‌ക്കു മുന്നോടിയായി ആണു ദേവ്‌റയുടെ നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം