അമൂല്യശേഖരത്തിന് ഒരുലക്ഷം കോടിയിലേറെ രൂപയുടെ മൂല്യം

July 5, 2011 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരത്തിന് ഒരുലക്ഷം കോടിയിലേറെ രൂപയുടെ പ്രാഥമിക മൂല്യം. സ്വര്‍ണ അരപ്പട്ട മുതല്‍ രത്‌നം പതിച്ച തങ്കപ്പൂണൂലുവരെ സൂക്ഷിക്കുന്ന നിത്യാദി നിലവറയിലെ കണക്കെടുപ്പില്‍ തെളിഞ്ഞത് ആയിരക്കണക്കിന് കോടിയുടെ സ്വര്‍ണശേഖരം. നാല് നിലവറകളില്‍ നിന്ന് തൊണ്ണൂറായിരം കോടിരൂപയുടെ നിധി കണ്ടെടുത്ത ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൊത്തം ആസ്തി ഇതോടെ ഒരുലക്ഷം കോടി രൂപ കവിയുമെന്നുറപ്പായി. നിധിശേഖരത്തിന്റെ ‘ബി’ എന്ന ആറാം നിലവറ എന്നു തുറക്കണമെന്ന് വെള്ളിയാഴ്ച തീരുമാനിക്കുക. തിങ്കളാഴ്ച ഉച്ചയ്ക്ക് കേവലം ഒന്നരമണിക്കൂര്‍ കൊണ്ട് നിത്യാദി നിലവറയിലെ കണക്കെടുപ്പ് പൂര്‍ത്തിയായി. വിശേഷ ദിനങ്ങളില്‍ ഭഗവാന് ചാര്‍ത്തുന്ന തിരുവാഭരണങ്ങളും പൂജാ പാത്രങ്ങളും ഉപകരണങ്ങളുമാണ് നിത്യാദി നിലവറയില്‍ സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ സാമഗ്രികളുടെ പട്ടിക തയ്യാറാക്കല്‍ എളുപ്പത്തില്‍ കഴിഞ്ഞു. പൂര്‍ണമായും സ്വര്‍ണത്തിലുണ്ടാക്കിയ വലിയലങ്കാരം (പദ്മനാഭ സ്വാമിയുടെ പുറകിലുള്ള ആഭരണമണ്ഡലം), സ്വാമിയ്ക്ക് നിവേദ്യം വിളമ്പുന്ന സ്വര്‍ണ കിളിക്കിണ്ണം, നിവേദ്യം എടുത്തുവയ്ക്കുന്ന സ്വര്‍ണ ചട്ടുകം, 15 കിലോയിലധികം വരുന്ന രണ്ട് സ്വര്‍ണ നിലവിളക്കുകള്‍, തങ്കത്തില്‍ രത്‌നം പതിപ്പിച്ചുണ്ടാക്കിയ പൂണൂല്, സ്വര്‍ണം കെട്ടിയ ചിരട്ട, പത്തുകിലോയിലധികം തൂക്കമുള്ള സ്വര്‍ണത്തിലുണ്ടാക്കിയ ഭദ്രവിളക്ക്, സ്വര്‍ണ ഭദ്രത്തട്ടം, രത്‌നം പതിപ്പിച്ച പീഠങ്ങള്‍, സ്വാമിയുടെ അരക്കെട്ട് മുതല്‍ കാലുവരെ ചാര്‍ത്തുന്ന (സ്വര്‍ണ) പീതാംബരം, നെറ്റിയിലും മസ്തകത്തിലും ചാര്‍ത്തുന്ന വജ്രാഭരണങ്ങള്‍, തങ്കത്തിലുണ്ടാക്കി സ്വര്‍ണ നൂല് വരിഞ്ഞ പൂക്കൂട, പാല്‍പ്പായസം സേവിക്കുന്ന രണ്ട് സ്വര്‍ണ കമലപാത്രങ്ങള്‍, മുപ്പത് കിലോയിലധികം വരുന്ന വെള്ളിപ്പാത്രങ്ങള്‍, നൂറോളം ശരപ്പൊളി, മാണിക്യമാലകള്‍, ഭഗവാന്റെ സ്വര്‍ണ ഗരുഡ വാഹനം, നരസിംഹമൂര്‍ത്തിയുടെ വെള്ളിവാഹനം, ഭൂമിദേവിയുടെയും ലക്ഷ്മിദേവിയുടെയും മുമ്പിലുള്ള സ്വര്‍ണ വിളക്കുകള്‍ എന്നിങ്ങനെ ആയിരക്കണക്കിന് കോടി രൂപയുടെ മൂല്യമുള്ള സാമഗ്രികളുടെ കണക്കെടുപ്പാണ് പൂര്‍ത്തിയായത്. ക്ഷേത്രപൂജാരിമാരായ പെരിയ നമ്പിയുടെയും പഞ്ചഗവ്യത്ത് നമ്പിയുടെയും പക്കലാണ് നിത്യാദി നിലവറയുടെ താക്കോലുകള്‍. രണ്ടുപേരുടെ കൈയിലെ താക്കോലുകളുമുണ്ടെങ്കിലേ നിലവറ തുറക്കാനാകൂ. സുപ്രീംകോടതി സമിതി ‘ഇ’ എന്ന് അടയാളപ്പെടുത്തിയ നിത്യാദി നിലവറയിലെ കണക്കെടുപ്പ് ഇരു നമ്പിമാരുടെയും സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങി. മൂന്നുമണിയ്ക്ക് അവസാനിച്ചിരുന്നു. കണക്കെടുപ്പിനുശേഷം പുണാഹ്യം തളിച്ച് ശുദ്ധമാക്കി വീണ്ടും പൂജയ്ക്കായി നിലവറയിലേക്ക് മാറ്റി. നട തുറന്നിരിക്കുമ്പോള്‍ നിത്യാദി നിലവറ തുറക്കുന്നത് ആചാരവിരുദ്ധമായതിനാലാണ് കണക്കെടുപ്പിന് ഈ സമയം തിരഞ്ഞെടുത്തത്.
ഒറ്റക്കല്‍മണ്ഡപത്തിന് വടക്കായി വിശ്വസേനന്‍ പ്രതിഷ്ഠയ്ക്കരികെയുള്ള നിത്യാദി നിലവറ ഒരു സൂക്ഷിപ്പ് മുറി മാത്രമാണ്. സ്ഥിരമായി സ്വാമിയ്ക്ക് ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ കുറേയൊക്കെ ശ്രീകോവിലില്‍ തന്നെയാണ് സൂക്ഷിക്കാറ്. ഉത്സവകാലങ്ങളിലും കൊട്ടാരത്തിലുള്ളവരുടെ പിറന്നാള്‍ ദിനത്തിലും മറ്റ് വിശേഷാവസരങ്ങളിലും നിത്യാദി അറയിലെ തിരുവാഭരണങ്ങള്‍ പുറത്തെടുക്കും. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് ക്ഷേത്രത്തിലെ എല്ലാ നിലവറയും തുറക്കേണ്ടതുണ്ട്. നിധിയുടെ വന്‍ ശേഖരമുണ്ടെന്ന് കരുതപ്പെടുന്ന ‘ബി’ നിലവറയാണ് ഇനി തുറക്കാനുള്ളത്. ശ്രീപദ്മനാഭന്റെ ശിരോഭാഗത്തുള്ള ‘ബി’ അറയിലേക്ക് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലൂടെയാണ് പ്രവേശിക്കേണ്ടത്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും വലുതും പ്രധാനവുമാണ് ‘ബി’ നിലവറ. ‘ബി’ നിലവറ തുറക്കാന്‍ വിദഗ്ധരുടെ സഹായം വേണം.
നിലവറ എങ്ങനെ തുറക്കണമെന്ന് ആലോചിക്കാന്‍ വെള്ളിയാഴ്ച യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തിനുശേഷം, സുപ്രീംകോടതിയുടെ അനുമതിയോടെ ‘ബി’ നിലവറ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും  സുപ്രീംകോടതി സമിതി അംഗവും റിട്ട. ജഡ്ജിയുമായ ടി.എന്‍.കൃഷ്ണന്‍ പറഞ്ഞു. ഈട്ടിത്തടിയിലെ രണ്ട് വാതിലും പുറമെ ഉരുക്കുചട്ടയുമുള്ള ‘ബി’ നിലവറ സാധാരണ മാര്‍ഗങ്ങളിലൂടെ തുറക്കാനാവില്ലെന്നാണ് സമിതിയുടെ നിഗമനം.
തിങ്കളാഴ്ച രാവിലെ എ.ഡി.ജി.പി വേണുഗോപാല്‍ കെ.നായര്‍, ഐ.ജി. എസ്.ആനന്ദ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ഷേത്രത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം