ഹിന്ദുമതത്തിന്റെ പ്രത്യേകതകള്‍ – ഭാഗം മൂന്ന്

July 5, 2011 ഉത്തിഷ്ഠത ജാഗ്രത

സ്വാമി സത്യാനന്ദസരസ്വതി
(തുടര്‍ച്ച)
ഉപാസന എന്ന വാക്കിന് അടുത്തിരിക്കുന്നത് എന്നാണര്‍ഥം. അകന്ന് ഇരിക്കുന്നു എന്ന് തോന്നുന്ന മൂര്‍ത്തിയെ വിധിച്ച മാര്‍ഗങ്ങളിലൂടെ ഉപാസിക്കുമ്പോള്‍ അതുമായി താദാത്മ്യം പ്രാപിക്കുന്ന അനുഭവമാണ് ഉപാസകനുണ്ടാകുന്നത്. ഉപാസിത ദേവതയുമായി താദാത്മ്യം  പ്രാപിക്കുമ്പോള്‍ ദേവതയില്‍ നിന്നും ഭിന്നമായ വ്യക്തിത്വം ഉപാസകന് ഉള്ളതായി തോന്നുകയില്ല.
ദേവതയുടെ (മൂര്‍ത്തിയുടെ) വ്യക്തിത്വം ധ്യാനശ്ലോകം, ബീജാക്ഷരങ്ങള്‍, ഋഷി, ഛന്ദസ്സ്, മൂലമന്ത്രം, മാലാമന്ത്രം എന്നിവയിലൂടെയാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. ധ്യാനശ്ലോകത്തില്‍ ഉപാസനാമൂര്‍ത്തിയുടെ രൂപവും, രൂപാനുഗുണമായ ഭാവവും, ഭാവാനുഗുണമായ സ്ഥിതിയും വര്‍ണിച്ചിരിക്കും. ഈ രൂപഭാവങ്ങള്‍ ഉപാസകന്റെ മനസ്സില്‍ ഉറയ്ക്കുമ്പോള്‍ ദേവതയുടെ രൂപവും, ഭാവവും ഉപാസകന് സ്വഭാവമായി മാറും. ഉപാസനാദേവതയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ബീജാക്ഷരവ്യാഖ്യാനത്തിലൂടെ ലഭിക്കുന്നു. ദേവതാസ്വഭാവവുമായി ദേവതയെ (മൂര്‍ത്തിയെ) സ്വമനസ്സില്‍ ഉറപ്പിക്കുന്ന മൂലമന്ത്രവും തന്റെ സങ്കല്പങ്ങളെ സമര്‍പ്പിക്കുന്ന മാലാമന്ത്രവും ബന്ധപ്പെടുമ്പോള്‍ സര്‍വ സങ്കല്പങ്ങളിലും ഉപാസനാദേവതയുടെ സ്വാധീനം ഉണ്ടായിക്കൊണ്ടിരിക്കും. ദേവതാസ്വഭാവത്തെ വിട്ട് അന്യസങ്കല്പങ്ങള്‍ സാധ്യമല്ലാതാകും. ദേവതയോട് ബന്ധപ്പെട്ടും ദേവതാ സ്വഭാവങ്ങളോട് ബന്ധപ്പെട്ടും തന്റെ സ്വഭാവത്തോട് പൊരുത്തപ്പെട്ടും ലഭിക്കുന്ന അനുഭവത്തില്‍ കവിഞ്ഞ് ആ ദേവതാസങ്കല്പത്തിലൂടെ മറ്റൊരു അനുഭൂതി ഉണ്ടാവുകയില്ല. ദേവതയുടെ (മൂര്‍ത്തിയുടെ) രൂപവര്‍ണന, പേര്, ഭാവം അഥവാ ഗുണം എന്നിവ ആശ്രയിച്ചാണ് ഉപാസകന് തദനുഗുണമായ അറിവ് ലഭിക്കുന്നത്. മന്ത്രശക്തിയിലൂടെയും, തന്ത്രശരീരത്തിലൂടെയും മനുഷ്യന്‍ നേടി എടുക്കുന്ന കഴിവുകള്‍ സഗുണോപാസനയിലെ ഗുണങ്ങളെ ആശ്രയിച്ചുതന്നെയാണ് നില്ക്കുന്നത്. സഗുണോപാസനയുടെ മാര്‍ഗങ്ങള്‍ ഏതായാലും അനുഭവം ദേവതാസ്വഭാവത്തെ ആശ്രയിച്ച് പരിമിതമോ അപരിമിതമോ ആകാം.
സാധാരണ ജീവിതത്തില്‍ അച്ഛനെന്നും, അമ്മയെന്നും, വീടെന്നും, ഭാര്യയെന്നും ഉള്ള ചിന്തകളിലും വാക്കുകളിലും ഈ സഗുണോപാസനയുടെ തത്ത്വം ഒളിഞ്ഞു കിടപ്പുണ്ട്. പ്രപഞ്ചത്തിലെ സമസ്തജീവരാശികളിലും നിക്ഷിപ്തമായിരിക്കുന്ന ഒരു വലിയ സംസ്‌കാരമാണ് ഈ സഗുണോപാസന കൊണ്ട് മനുഷ്യന്‍ നേടുന്നത്. മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങി തിര്യക്കുകളിലും വൃക്ഷജാലങ്ങളിലും, പുല്ലിലും, പുഴുവിലും അതതിന്റെ നിലയ്ക്ക് നിര്‍ദിഷ്ടമാക്കപ്പെട്ട ഉപാസനാസംസ്‌കാരമുണ്ട്. തന്റെ മുട്ടകളോടോ, കുട്ടികളോടോ ബന്ധപ്പെട്ട് പക്ഷിമൃഗാദികള്‍ക്കും പൂവ്, കായ്, വിത്ത്, തളിരുകള്‍, ഇലകള്‍,  തടി എന്നിവയോട് ബന്ധപ്പെട്ട് വൃക്ഷങ്ങള്‍ക്കും മറ്റെല്ലാറ്റിനും ഉള്ള സംസ്‌കാരവും പ്രകടമാണ്. അനന്തകോടി ജന്മങ്ങളിലൂടെ ജീവന്‍ ആര്‍ജിച്ച ഈ ഉപാസനാസംസ്‌കാരമാണ് വാസനയായും വാസനാനുകൂലമായ സൃഷ്ടികളായും ബന്ധപ്പെട്ടിരിക്കുന്നത്.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - ഉത്തിഷ്ഠത ജാഗ്രത