ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്തി

July 6, 2011 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് ഇനി കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ട് 48 അംഗ കമാന്‍ഡോ സംഘം ക്ഷേത്രത്തിലെത്തി. ഇവര്‍ക്ക് പുറമെ 160 അംഗ സിറ്റി പോലീസ് സംഘവും ക്ഷേത്രത്തിലെ പാറാവുകാരും സുരക്ഷാ ചുമതല നിര്‍വഹിക്കുന്നുണ്ട്.
ക്വിക് റെസ്‌പോണ്‍ഡ് ടീമിലെ (ക്യു.ആര്‍.ടി) 24 അംഗ സംഘമാണ് ചൊവ്വാഴ്ച വൈകീട്ടോടെ ക്ഷേത്രത്തിലെത്തിയത്. ഒരു സമയം ഇവയില്‍ ഓരോ ടീമില്‍ നിന്നും 12 പേര്‍ വീതം ക്ഷേത്രപരിസരത്തുണ്ടാകും. എ.കെ47, സെമി ആട്ടോമാറ്റിക് റൈഫിള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കമാന്‍ഡോകളുടെ കൈവശമുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം ക്ഷേത്രത്തിലെത്തി കമാന്‍ഡോകളുടെ വിന്യാസം പരിശോധിച്ചു. കമാന്‍ഡോകള്‍ക്കു പുറമെ 160പോലീസുകാരെ ക്ഷേത്രത്തിന് അകത്തും പുറത്തുമായി വിന്യസിച്ചിട്ടുണ്ട്. നാലുകവാടങ്ങളിലും പാറാവുകാരെക്കൂടാതെ രണ്ട് സായുധ പോലീസുകാര്‍ കാവല്‍ നില്‍ക്കുന്നുണ്ട്. ക്ഷേത്രപരിസരത്ത് അമ്പതോളം മഫ്തി പോലീസുണ്ട്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉടന്‍ ഏര്‍പ്പെടുത്തേണ്ട സുരക്ഷാ കവചത്തിന് ആവശ്യമായ അത്യാധുനിക ഉപകരണങ്ങളുടെ പട്ടിക സംസ്ഥാന പോലീസ് , ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. മുപ്പതോളം ക്യാമറകള്‍, എക്‌സ്‌റേ സ്‌കാനറുകള്‍, കൈയില്‍ കൊണ്ടുനടക്കാവുന്ന മെറ്റല്‍ ഡിറ്റക്ടര്‍, എക്‌സ്‌പ്ലോസീവ് സ്‌കാനറുകള്‍, ലേസര്‍ സ്‌കാനറുകള്‍ എന്നിവ അടിയന്തരമായി വേണമെന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നും സുരക്ഷാ ഓഡിറ്റിങ്ങിന്റെ റിപ്പോര്‍ട്ട് പഠിച്ചശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എ.ഡി.ജി.പി. വേണുഗോപാല്‍ കെ.നായര്‍ പറഞ്ഞു.
സുപ്രീംകോടതി നിര്‍ദേശപ്രകാരം ക്ഷേത്രത്തിലെ ആറുനിലവറകളില്‍ അഞ്ചെണ്ണത്തിന്റെ പരിശോധനയാണ് പൂര്‍ത്തിയായത്. ‘ബി’ എന്ന് പേരിട്ടിട്ടുള്ള ആറാം നിലവറ തുറക്കാന്‍ സുപ്രീംകോടതി സമിതി വെള്ളിയാഴ്ച യോഗം ചേരും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം