ശ്രീപത്മനാഭസ്വാമി ക്ഷേത്രം: കണക്കെടുപ്പുവിവരങ്ങള്‍ പുറത്തുവിടരുതെന്ന് സുപ്രീംകോടതി

July 6, 2011 ദേശീയം

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടരുതെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് സമിതിയംഗങ്ങള്‍ അഭിപ്രായ പ്രകടനം നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. നിധിശേഖരത്തെക്കുറിച്ചുള്ള വിവരങ്ങളും കണക്കുകളും പരസ്യപ്പെടുത്തുന്നത് തടയണമെന്ന് തിരുവതാംകൂര്‍ രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 
നിരീക്ഷകനായ   ജസ്റ്റിസ് സി.എസ്. രാജന്‍ ക്ഷേത്രത്തിലെ സ്വത്തിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയ നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ജസ്റ്റിസുമാരായ ആര്‍.വി.രവീന്ദ്രന്‍, എ.കെ. പട്‌നായിക് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിധിശേഖരത്തിന്റെ ഫൊട്ടോകളും വിഡിയോ ഗ്രാഫും ആകാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും നാഷനല്‍ മ്യൂസിയം അധികൃതരുടെയും സഹായംതേടാവുന്നതാണ്. മാര്‍ത്താണ്ഡവര്‍മയ്ക്ക് പ്രായാധിക്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധിക്ക് പിരശോധനയില്‍ പങ്കെടുക്കാം. സ്വത്തുക്കള്‍ ദേശീയ മ്യൂസിയത്തിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ രാജകുടുംബം എടുത്തുമാറ്റിയിട്ടില്ലെന്ന് സുപ്രിം കോടതി നിയോഗിച്ച സമിതി അംഗം ജസ്റ്റിസ് സി. എസ്. രാജന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.   സ്വത്തിന്റെ മൂല്യത്തെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന കണക്കുകള്‍ ഊഹാപോഹം മാത്രമാണെന്നും, കൂടുകയോ, കുറയുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നികുതി പിരിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ ഒളിപ്പിച്ചുവച്ചതാണെന്ന വാദം യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. സ്വത്തുക്കള്‍ ഭാഗികമായി രാജകുടുംബം മാറ്റിയിട്ടുണ്ടെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. രാജന്റെ ഈ പരസ്യപ്രസ്താവനകളാണു സുപ്രീം കോടതിയുടെ അപ്രീതിക്ക് കാരണമായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം