ഗുരുത്വം പ്രോജ്ജ്വലിക്കട്ടെ

July 25, 2010 എഡിറ്റോറിയല്‍

ഇന്ന്‌ ഗുരുപൂര്‍ണ്ണിമ. മഹര്‍ഷി വേദവ്യാസന്റെ ജന്മംകൊണ്ട്‌ അനുഗ്രഹീതമായ സുദിനം. ദക്ഷിണാമൂര്‍ത്തി സ്വരൂപനായ ഭഗവാന്‍ സദാശിവനില്‍ തുടങ്ങി ഇന്നോളം അവതാരമെടുത്തിട്ടുള്ള സകല ഗുരുക്കന്മാരെയും ആദരിക്കുകയും, ഗുരുത്വം കൈവിടാതെകാക്കാനുള്ള ദൃഢനിശ്ചയം പുതുക്കുകയും ചെയ്യുന്ന പുണ്യദിനം കൂടിയാണിത്‌. `ധര്‍മ്മം’പോലെ ഭാരതം ലോകത്തിനു സംഭാവന ചെയ്‌ത മഹത്‌ സിദ്ധാന്തമാണ്‌ ഗുരുത്വവും. ധര്‍മ്മഅര്‍ത്ഥകാമ മോക്ഷങ്ങളെന്ന പുരുഷാര്‍ത്ഥങ്ങളിലൂടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തത്തിലും ആത്മീയതയുടെ അനവദ്യസ്‌പര്‍ശം നല്‌കി ലോകാസമസ്‌താ സുഖിനോ ഭവന്തു: എന്ന സനാതന ലക്ഷ്യത്തെ പ്രായോഗിക തലത്തിലെത്തിച്ച ഗുരുപരമ്പരകള്‍ പകര്‍ന്ന വെളിച്ചം ലോകത്തിനാകെ ഇന്ന്‌ വഴികാട്ടിയാണ്‌.
ഭൗതിക സുഖങ്ങളില്‍ ഭ്രമിച്ച്‌ ഉപഭോഗസംസ്‌കാരത്തിനടിമകളായി മനുഷ്യര്‍ അധ:പതിച്ചിരിക്കുന്ന ഇക്കാലത്ത്‌ ഭാരതീയമായ സനാതന ധര്‍മ്മ സങ്കല്‍പ്പമല്ലാതെ മറ്റൊന്നിനും ലോകത്തെ നന്മയിലേക്ക്‌ നയിക്കാന്‍ കഴിയുന്നില്ല. ആരണ്യാന്തര ഗഹ്വതേദര തപസ്ഥാനങ്ങളില്‍ പ്രപഞ്ച പരിണാമോദ്‌ഭിന്ന സര്‍ഗ്ഗക്രിയാസാരം തേടി തപം ചെയ്‌ത്‌ ഋഷീശ്വരന്മാര്‍ നമുക്കു പകര്‍ന്നുതന്ന ഈ മഹാസംസ്‌കാരം കാത്തുസൂക്ഷിച്ചും പ്രവര്‍ത്തിപഥത്തിലെത്തിയും വിശ്വശാന്തിക്കായി കഴിയുന്നത്ര പ്രയത്‌നിക്കേണ്ടത്‌ നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്‌.
സംസാര സംബന്ധിയായ അജ്ഞാനത്തെ അകറ്റി അകക്കണ്ണുതുറപ്പിച്ച്‌ ജ്ഞാനപ്രകാശം പരത്തുന്ന ഗുരു ആദരണീയരില്‍ പ്രഥമവും പ്രധാനവുമായ സ്ഥാനം അലങ്കരിക്കുന്നു. “ഗു’ ശബ്‌ദമന്ധകാം താന്‍ `രു’ ശബ്‌ദം തന്നിരോധകം. ഇരുട്ടുനീക്കീടിനാല്‍ ഗുരുവെന്നരുളുന്നതേ’ എന്ന ചൊല്ല്‌ പ്രസിദ്ധമാണല്ലോ. അജ്ഞാനത്തില്‍ നിന്നും വിജ്ഞാനത്തിലേക്കും വിജ്ഞാനത്തില്‍നിന്നും ജ്ഞാനത്തിലേക്കും അതിലൂടെ അമരത്വത്തിലേക്കും നമ്മെ നയിക്കുന്നത്‌ ഗുരുക്കന്മാരാണ്‌. സുഖ – ദു:ഖ സമ്മിശ്രമായ ജീവിതത്തില്‍ നന്മയുടെ പാത തെരഞ്ഞെടുക്കാന്‍ ധര്‍മ്മം ലക്ഷ്യമാക്കിയുള്ള ബോധനം കൂടിയേ തീരൂ. ധര്‍മ്മമാര്‍ഗ്ഗം കാട്ടിത്തരുന്ന ബോധകഗുരുവും, ബന്ധങ്ങളില്‍നിന്നും ജീവനെ മുക്തമാക്കാന്‍ ഒരാളെ പ്രാപ്‌തനാക്കുന്ന മോക്ഷദഗുരുവും ഭാരതീയ ഗുരു സങ്കല്‍പത്തിന്റെ ഭാഗമാണ്‌. `മാതാ പിതാ ബ്രഹ്മദാതാ മഹാന്തോ ഗുരുവ: സ്‌മ്യതാ’ എന്നാണല്ലോ. ജനനം മുതല്‍ മോക്ഷംവരെയുള്ള വിദ്യാഭ്യാസവും സംരക്ഷണവും ദു:ഖനിവാരണം, സദ്‌ഗതി ഇവ നല്‍കുന്നത്‌ ഗുരുജനങ്ങളാണ്‌. ഗൃഹസ്ഥന്‍ കേവലം ഭൗതികനിഷ്‌ഠനായി അധ:പതിക്കരുത്‌. ഗൃഹമാണ്‌ ആദ്യത്തെ ഗുരുകുലം. നന്മയുടെയും ധര്‍മ്മത്തിന്റെയും ആദ്യ പാഠങ്ങള്‍ പഠിക്കേണ്ടത്‌ ഗൃഹത്തില്‍നിന്നാണ്‌. ഭക്തി, യോഗം, ജ്ഞാനം, മുക്തി എന്നിവയ്‌ക്കെല്ലാം വിദ്യാരംഭം നടത്തേണ്ടത്‌ ഗൃഹത്തിലാണ്‌. ധര്‍മ്മാര്‍ത്ഥകാമങ്ങളുടെ സമ്പാദനത്തിലും നിയന്ത്രണത്തിനും ഗുരുവിന്റെ ഉപദേശം ആവശ്യമാണ്‌. അര്‍ത്ഥ കാമങ്ങളോടുള്ള അമിത പ്രതിപത്തി അവിദ്യയെ പ്രദാനം ചെയ്യും. അത്‌ വ്യക്തിജീവിതത്തിലും സമൂഹത്തിലും ലോകത്തിനാകെയും അശാന്തിവിതയ്‌ക്കും. അതുകൊണ്ട്‌ ധര്‍മ്മവും മോക്ഷവും ബന്ധപ്പെടുത്തുന്ന ജീവിതവും വിദ്യാഭ്യാസവുമാണ്‌ അഭികാമ്യം. സംശയം സ്വയം നശിച്ചവരും മറ്റുള്ളവരുടെ സംശയം നശിപ്പിക്കുന്നവനുമാണ്‌ ഗുരു. `ധനവൃദ്ധനും വയോവൃദ്ധനും വിദ്യാവ്യദ്ധനും ജ്ഞാന വൃദ്ധന്റെ മുന്നില്‍ ഭ്യത്യന്മാരെയോ ശിഷ്യന്മാരെയോ പോലെയായിതീരുന്നു എന്ന മൈത്രേയ ഉപനിഷത്തിലെ വാക്യം ഇവിടെ ശ്രദ്ധേയമാണ്‌.
കാമം, ക്രോധം, ലോഭം, മോഹം, മദം, മാല്‍സര്യം, അഹങ്കാരം, സംശയം, മമകാരം എന്നീ ഒന്‍പത്‌ സംസാരബന്ധനങ്ങളില്‍ നിന്നും മോചനം ലാഭിക്കേണ്ടത്‌ ഇന്ദ്രിയങ്ങള്‍, മനസ്സ്‌, ബുദ്ധി ഇവയുടെ സമയോചിതവും, ധാര്‍മ്മികവും, നിഷ്‌കാമപരമായ പ്രയോഗം കൊണ്ടാണ്‌. അതിനുള്ള കഴിവു പ്രദാനം ചെയ്യുന്നത്‌ ഉത്തമമായ വിദ്യാഭ്യാസമാണ്‌. ധര്‍മ്മചിന്ത അറ്റുപോയ ഭോഗതൃഷ്‌ണവളര്‍ത്തുന്ന ഇന്നത്തെ വിദ്യാഭ്യാസരീതിയാണ്‌ ലോകത്ത്‌ അശാന്തിയും അരക്ഷിതാവസ്ഥയും വളര്‍ത്തുന്നത്‌. അതില്‍നിന്നും മോചനം നേടാന്‍ ഗുരുത്വത്തിന്റെ നൈര്‍മല്യം പരത്തുന്ന ഭാരതീയ സനാതന ധര്‍മ്മ സങ്കല്‍പ്പങ്ങളില്‍ മാത്രമാണ്‌ മാര്‍ഗ്ഗം.
`ഓം സഹനാവവതു സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീ തമസ്‌തു
മാ വിദ്വിഷാവഹൈ’
ഓം ശാന്തി: ശാന്തി: ശാന്തി:

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍