ബാംഗ്ലൂര്‍: സ്‌ഫോടനക്കേസ് പുനഃ വിചാരണ ഇന്ന്

July 7, 2011 ദേശീയം

ബാംഗ്ലൂര്‍: സ്‌ഫോടന പരമ്പരക്കേസ് വിചാരണ ഇന്നു പുനരാരംഭിക്കും. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി കേസില്‍ 31-ാം പ്രതിയാണ്.ഒന്നാം പ്രതി തടിയന്റവിട നസീറും കൂട്ടുപ്രതി ഷഫാസും കേരളത്തിലും മറ്റു പ്രതികളില്‍ സൈനുദ്ദീന്‍, അബ്ദുല്‍ സത്താര്‍ എന്നിവരുള്‍പ്പെടെ ഏതാനും പേര്‍ ഗുജറാത്തിലും ജയിലിലാണെന്നതിനാല്‍ വിചാരണ നടപടികള്‍ നീളുമെന്നാണു സൂചന. ഗുജറാത്ത്, ബാംഗ്ലൂര്‍ കോടതികളില്‍ വിഡിയോ കോണ്‍ഫറന്‍സിങ് സാധ്യമാണെങ്കിലും കേരളത്തില്‍ ഇതു സാധ്യമല്ല.
ഏപ്രില്‍ ഏഴിനു വിചാരണ നടപടികള്‍ ജഡ്ജി എച്ച്.എല്‍. ശ്രീനിവാസ് മുന്‍പാകെ ആരംഭിച്ചിരുന്നെങ്കിലും പ്രതികള്‍ക്കായി വാദിക്കാന്‍ ആരും ഹാജരായിരുന്നില്ല. തുടര്‍ന്ന് അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ മൂന്നുമാസത്തെ സമയം പ്രതികള്‍ അഭ്യര്‍ഥിക്കുകയും കോടതി അത് അംഗീകരിക്കുകയുമായിരുന്നു.മദനി അടക്കമുള്ള പ്രതികളെ പാര്‍പ്പിച്ച പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ സെഷന്‍സ് കോടതി തന്നെയാണ് വിചാരണക്കോടതിയും. 2008 ജൂലൈ 25ന് ഒരു സ്ത്രീയുടെ മരണത്തിനും ഒട്ടേറെപ്പേരുടെ പരുക്കിനും ഇടയാക്കി ബാംഗ്ലൂര്‍ നഗരത്തില്‍ എട്ടിടത്തുണ്ടായ സ്‌ഫോടന പരമ്പരയില്‍  ആകെ ഒന്‍പതു കുറ്റപത്രങ്ങളാണു സമര്‍പ്പിച്ചിരിക്കുന്നത്. ജയിലിനുള്ളിലെ 34-ാം സെഷന്‍സ് കോടതിയാണു ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ പ്രത്യേക കോടതിയായി പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം