ഉത്തര്‍പ്രദേശില്‍ ബസില്‍ ട്രെയിനിടിച്ച് 33 പേര്‍ മരിച്ചു

July 7, 2011 ദേശീയം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാന്‍ഷിറാംനഗറില്‍ ബസില്‍ ട്രെയിനിടിച്ച് 33 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കുണ്ട്. മഥുരയില്‍നിന്നും ബീഹാറിലെ ചപ്രയിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനും വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസുമാണ് തനഗോങ്ങില്‍ ആളില്ലാത്ത ലെവല്‍ക്രോസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കൂട്ടിയിടിച്ചത്.
ബസില്‍ 75 പേരുണ്ടായിരുന്നതായാണ് വിവരം. ആക്‌സില്‍ തകരാറിലായതിനെ തുടര്‍ന്നാണ് ബസ് റയില്‍വേ ഗേറ്റില്‍ കുടുങ്ങിയത്. ഗേറ്റില്‍ കിടന്ന ബസിനെ 500 മീറ്ററോളം അകലേക്ക് ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചതായും കാന്‍ഷിറാമിലെ ജില്ലാ മജിസ്‌ട്രേറ്റ് ശെല്‍വ കുമാരി മാധ്യമങ്ങളോട് പറഞ്ഞു. ചിന്നിച്ചിതറിയ നിലയിലായ മൃതദേഹഅവശിഷ്ടങ്ങള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതവും പരിക്കേറ്റവര്‍ക്ക് 10,000 രൂപവീതവും ധനസഹായം നല്‍കും.
അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ റയില്‍വേ സുരക്ഷാ കമ്മീഷണറര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം