ലോക്‌പാല്‍: അന്ന ഹസാരെ അനിശ്ചിതകാല നിരാഹാരത്തിന് ഒരുങ്ങി

July 7, 2011 ദേശീയം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ അന്ന ഹസാരെ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാരത്തിന് തയാറായി. ആദ്യഘട്ടമെന്ന നിലയ്ക്ക് പ്രമുഖ സാമൂഹിക പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനാ നേതാക്കളുടെയും യോഗം ബുധനാഴ്ച ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഓഫീസില്‍ വിളിച്ചു ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിനെതിരെ ജയില്‍ നിറയ്ക്കലടക്കമുള്ള ശക്തമായ സമരം നടത്താന്‍ യോഗം തീരുമാനിച്ചു. ആഗസ്ത് 16ന് ഹസാരെ തുടങ്ങാന്‍ നിശ്ചയിച്ച അനിശ്ചിതകാല സത്യാഗ്രഹത്തില്‍ നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ലെന്നും യോഗം പ്രഖ്യാപിച്ചു.
സമരത്തിന്റെ തീവ്രത വര്‍ധിപ്പിക്കാനായി ലോക്പാലിനു പുറമെ ഭൂമി ഏറ്റെടുക്കല്‍ നിയമമുള്‍പ്പെടെയുള്ള വിഷയങ്ങളും ഉന്നയിക്കപ്പെടും. അരവിന്ദ് കെജ്‌രിവാള്‍, സ്വാമി അഗ്‌നിവേശ്, രാജേന്ദ്ര സിങ്, പി.വി.രാജഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ബുധനാഴ്ചത്തെ ചര്‍ച്ച നയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം