അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക്‌ സുരക്ഷ ഉറപ്പാക്കണം

July 9, 2011 കേരളം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പണിയെടുക്കുന്ന പതിനായിരക്കണക്കിന് അന്യസംസ്ഥാനതൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി.
ഇക്കഴിഞ്ഞ ജൂലൈ 5-ന് പോത്തങ്കോട്ടുള്ള സ്വകാര്യകമ്പനിജോലിക്കാരനായ അന്യസംസ്ഥാന തൊഴിലാളി കല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശി അജിത്(17) മരണപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സഹായത്തിനായി സമരം നടത്തേണ്ട അവസ്ഥയുണ്ടായി. ലൈസന്‍സില്ലാത്ത കരാറുകാരന്റെ കീഴില്‍ പണിയെടുത്തതാണ് ഈ ദുര്‍വിധിക്ക് കാരണമായത്. യാതൊരു സുരക്ഷാ നടപടികളും ഏതുകഠിനമായ ജോലിയും ചെയ്യിക്കാമെന്നതുകൊണ്ടാണ് ഇത്തരക്കാരെ കരാറുകാര്‍ ഉപയോഗിക്കുന്നത്. ക്ഷേമനിധിബോര്‍ഡില്‍ അംഗത്വമില്ലാത്തവരെ പണിയെടുപ്പിക്കുന്ന കരാറുകാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കേണ്ടതാണ്. മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശിവസേനപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമരം നടത്തിയതിനെ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പതിനായിരം രൂപ അനുവദിക്കുകയായിരുന്നു.
കേരളത്തില്‍ വിവിധജില്ലകളില്‍ യാതൊരു തൊഴില്‍ രേഖകളുമില്ലാതെ പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. താമസത്തിനും ഭക്ഷണത്തിനുമുള്ള യാതൊരു സൗകര്യങ്ങളും കരാറുകാര്‍ ചെയ്യാറില്ല. ദിവസേന 15 മുതല്‍ 25 വരെ രൂപയ്ക്ക് 100 പേരടങ്ങുന്ന തൊഴിലാളി സംഘത്തെ ചെറുവീടുകളില്‍ പാര്‍പ്പിച്ച് പതിനായിരങ്ങള്‍ പിരിച്ചെടുക്കുന്ന വിരുതന്‍മാര്‍ തിരുവനന്തപുരം ജില്ലയില്‍ പലയിടത്തുമുണ്ട്. തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകളുള്‍പ്പെടെ അതാതുപോലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കണമെന്ന നിയമം നിലവിലിരിക്കെ ഇക്കാര്യത്തില്‍ നിയമപാലകരും കണ്ണടയ്ക്കയാണ്. അസൗകര്യങ്ങളോടുകൂടിയ ജീവിതം നയിക്കുന്ന ഇവര്‍ക്കിടയില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതും സാധാരണമായിട്ടുണ്ട്.
ഗള്‍ഫ് നാടിന്റെ അനുഭൂതിയുണര്‍ത്തി ഇവിടെ പണിയെടുക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് കേരളത്തിന് നല്‍കാനുള്ളത് വേദനയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്തേണ്ടതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം