സമ്പത്ത് ശ്രീപത്മനാഭസ്വാമിയുടേത് മാത്രം

July 9, 2011 എഡിറ്റോറിയല്‍

ശ്രീപത്മനാഭസ്വാമിക്ഷേത്രം ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍പോസ്റ്റ് തുടങ്ങിയ പത്രങ്ങളുടെ പ്രതിനിധികളടക്കം നാല്‍പ്പതോളം വിദേശ പത്രലേഖകര്‍ പത്മനാഭസ്വാമിക്ഷേത്രത്തില്‍ കണ്ടെടുത്ത സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി എത്തിയെന്നതുതന്നെ ഒരു മഹാസംഭവത്തിനാണ് നാം സാക്ഷ്യംവഹിക്കുന്നത് എന്നതിന് തെളിവാണ്. അമൂല്യമാണ് നിലവറകളില്‍നിന്ന് കണ്ടെടുത്ത വസ്തുക്കള്‍. ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ആരാധനാലയമായി ശ്രീപത്മനാഭസ്വാമിക്ഷേത്രം മാറിക്കഴിഞ്ഞിരിക്കുന്നു.
നാലുപേര്‍ കൂടുന്നിടത്തൊക്കെ ഇതുതന്നെയാണ് സംസാരവിഷയം. സമ്പത്തിനെക്കുറിച്ചും അതിന്റെ ഉടമസ്ഥാവകാശത്തിനെക്കുറിച്ചും അതുവിനിയോഗിക്കു ന്നതിനെക്കുറിച്ചുമാണ് എങ്ങും ചര്‍ച്ച. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്നു കണ്ടെടുത്ത സമ്പത്തുമുഴുവന്‍ ശ്രീപത്മനാഭസ്വാമിയുടേതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിനുള്ള സംരക്ഷണത്തിന് എത്ര കോടി ചെലവുവന്നാലും ആ ഉത്തരവാദിത്തം കര്‍ശനമായി പരിപാലിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ഈ സമ്പത്തുമുഴുവന്‍ നൂറ്റാണ്ടുകളായി സംരക്ഷിക്കുന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിലപാട് എന്താണെന്ന് അറിയാനായിരുന്നു എല്ലാവരുടെയും ആകാംക്ഷ. ഇക്കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടനല്‍കാതെ അസന്നിഗ്ദ്ധമായിതന്നെ  ശ്രീപത്മനാഭദാസ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് രാജകുടുംബത്തിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്രത്തില്‍കണ്ടെത്തിയ സമ്പത്തില്‍ രാജകുടുംബത്തിന് ഉടമസ്ഥതയില്ലെന്നും ഇതിന്റെ ഒരു ഭാഗത്തില്‍പോലും അവകാശമുന്നയിക്കില്ലെന്നും മാര്‍ത്താണ്ഡവര്‍മ്മ കോടതിയില്‍ വ്യക്തമാക്കി. തിരുവിതാംകൂര്‍ രാജവംശത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് അറിയാവുന്നവര്‍ മറ്റൊരുനിലപാട് രാജകുടുംബത്തില്‍നിന്നും പ്രതീക്ഷിച്ചിരുന്നില്ല. പത്മനാഭസ്വാമിക്ക് കാണിക്കയായി സമര്‍പ്പിച്ചതാണ് എല്ലാം. ഇതോടെ അഭ്യൂഹങ്ങള്‍ക്ക് ഒരുപരിധിവരെ കുറവുവന്നു എന്നുവേണം കരുതാന്‍.
സമ്പത്തിന്റെ പരിരക്ഷയെ സംബന്ധിച്ചും സുരക്ഷിതത്ത്വത്തെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോടും ഉത്രാടംതിരുനാളിനോടു സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച് രേഖാമൂലം വിവരം നല്‍കാനും ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയോട് കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്രത്തിന്റെ പവിത്രത ഇല്ലാതാക്കുന്ന ഒരു വിധിയും പുറപ്പെടുവിക്കാന്‍ ഉദ്ദേശമില്ലെന്നുള്ള കോടതിയുടെ വെളിപ്പെടുത്തലും സ്വാഗതാര്‍ഹമാണ്.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ സമ്പത്തിനെക്കുറിച്ചും അതിന്റെ വിനിയോഗത്തെക്കുറിച്ചും തീരുമാനമെടുക്കേണ്ടത് ശ്രീപത്മനാഭസ്വാമിയും രാജകുടുംബവും ഹൈന്ദവസമൂഹവുമാണ്. ഇത് വിശ്വാസത്തിന്റെയും വികാരത്തിന്റേയും പ്രശ്‌നവുമാണ്. നിയമത്തിന്റെ നൂലാമാലകളില്‍ക്കൂടി ഈ പ്രശ്‌നം പരിഹരിക്കാനാവില്ല. കോടതിയുടെ തീര്‍പ്പുകള്‍ക്ക് അപ്പുറമാണ് ഈ വിഷയം.
ശ്രീപത്മനാഭസ്വാമിയുടെ സമ്പത്ത് ആര്‍ക്കാണെന്നതിനെ സംബന്ധിച്ച് യാതൊരു തര്‍ക്കവുമില്ല. ഇനി ഉത്തരംകാണേണ്ടത് ഇത് എങ്ങനെ സംരക്ഷിക്കണമെന്നും വിനിയോഗിക്കണമെന്നുമുള്ള കാര്യമാണ്. അതിനുള്ള ഉത്തരം കണ്ടെത്തേണ്ടത് രാജകുടുംബവും ഹൈന്ദവസമൂഹവും ചേര്‍ന്നാണ്. ഇക്കാര്യത്തില്‍ ക്ഷേത്രതന്ത്രിയുടെ അഭിപ്രായം മുഖ്യമാണ്. ക്ഷേത്രങ്ങളെ സംബന്ധിച്ച് ഉള്ള കാര്യങ്ങളില്‍ തന്ത്രിയുടേതാണ് അവസാന തീരുമാനം. എന്നാല്‍ സുപ്രീംകോടതിപോലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിയുടെ അഭിപ്രായം ഇതുവരെ തേടിയിട്ടില്ല.
ക്ഷേത്ര സമ്പത്തിന്റെ ഒരു മണിപോലും ക്ഷേത്രത്തിന് പുറത്തുകൊണ്ടുപോകാന്‍ ഹൈന്ദവസമൂഹം അനുവദിക്കില്ല. പുരാവസ്തു മൂല്യമുള്ളതും ഭഗവാന് ചാര്‍ത്താന്‍ ഉപയോഗിക്കാത്തവയുമായവയുടെ പ്രാതിനിധ്യമുള്ളവ ഓരോന്നുവീതം ജനങ്ങള്‍ക്ക് കാണാന്‍ ക്ഷേത്രത്തോട് അനുബന്ധിച്ച്തന്നെ അതീവ സുരക്ഷിതത്തോട് പ്രദര്‍ശിപ്പിക്കാവുന്നതാണ്. അതേസമയം പൂജയ്ക്ക് ഉപയോഗിക്കാത്തവയും ഭഗവാന് ചാര്‍ത്താത്തതും പുരാവസ്തുമൂല്യമില്ലാത്തവയുമായ സമ്പത്തില്‍ ഒരു ഭാഗം ക്ഷയോന്മുഖമായ ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ച് സംരക്ഷിക്കുന്നതിനും ഹൈന്ദവ വിശ്വാസം പ്രചരിപ്പിക്കുന്നതിനും ഹൈന്ദവരുടെ ഉയര്‍ച്ചയ്ക്കും വിനിയോഗിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. നരസേവതന്നെയാണ് നാരായണസേവ എന്നത് ഇതിലൂടെ നിര്‍വഹിക്കാനും കഴിയും. ഇക്കാര്യങ്ങളൊക്കെ നടപ്പിലാക്കുന്നതിന് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തേയും ഹൈന്ദവ സമൂഹപ്രതിനിധികളെയും ഒക്കെ ഉള്‍പ്പെടുത്തി ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കാം.
അടിയന്തരപ്രാധാന്യമുള്ള മുഖ്യവിഷയം സുരക്ഷയുടേതുതന്നെയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ശ്രീപത്മനാഭസ്വാമിക്ഷേത്രം ഉള്‍പ്പെട്ടപ്രദേശത്തെ പ്രത്യേക സുരക്ഷാ മേഖലയായി കണക്കാക്കി മൂന്ന് തട്ടിലുള്ള സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനുള്ള സ്ഥിരം സംവിധാനം സുപ്രീംകോടതിയുടെ അനുമതിയോടെ ഒരുക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യം ശ്ലാഘനീയമാണ്. എന്നാല്‍ സമ്പത്തിനെസംബന്ധിച്ച് ഊതിപ്പെരുക്കിയ കണക്കുകള്‍ പ്രചരിപ്പിക്കുന്നതു അവസാനിപ്പിക്കാന്‍ എല്ലാ മാധ്യമങ്ങളും തയ്യാറാകണം കാരണം കണ്ടെടുത്ത സമ്പത്ത് അമൂല്യമാണ്; അത് കേവലം അക്കങ്ങള്‍കൊണ്ട് കണക്കാക്കാനാവാത്തതാണ്. അമൂല്യമായ സമ്പത്ത് കാത്തുസൂക്ഷിച്ച രാജകുടുംബത്തിന്റെ ധാര്‍മ്മികമൂല്യത്തിന് അതിനെക്കാള്‍ മൂല്യവും ശോഭയും ഉണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍