കുട്ടി വെടിയേറ്റ് മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

July 10, 2011 ദേശീയം

ചെന്നൈ: കരസേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ കുട്ടി  വെടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയെ വെടിവെച്ച റിട്ട.കേണല്‍ രാമരാജന്‍ മധുരയില്‍ നിന്ന് അറസ്റ്റിലായി. . ഐലന്‍ഡ് ഗ്രൗണ്ടിന് സമീപത്തെ കരസേന ക്വാര്‍ട്ടേഴ്‌സിലാണ് ദില്‍ഷന്‍ (13) എന്ന കുട്ടി വെടിയേറ്റ് മരിച്ചത്.
ദില്‍ഷനെ വെടിവച്ച തോക്ക് ഐലന്‍ഡ് ഗ്രൗണ്ടിന് സമീപത്തെ കൂവം നദിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
കുറ്റവാളിയെ അറസ്റ്റുചെയ്യാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് ദില്‍ഷന്‍ താമസിക്കുന്ന ഇന്ദിരാനഗറിലെ നിവാസികള്‍ അമര്‍ഷത്തിലായിരുന്നു. കുറ്റവാളി കണ്‍മുന്നിലുണ്ടായിട്ടും കസ്റ്റഡിയിലെടുക്കാന്‍ പോലും കഴിയാത്ത പോലീസിന്റെ കഴിവുകേടിനെ എല്ലാവരും ഒന്നടങ്കം കുറ്റപ്പെടുത്തിയിരുന്നു.
കുട്ടിയെ വെടിവെക്കാനുപയോഗിച്ച തോക്ക് കണ്ടത്താനായുള്ള തിരച്ചില്‍ സി.ബി.സി.ഐ.ഡി. വെള്ളിയാഴ്ചയാണ് ആരംഭിച്ചിരുന്നത്.
കരസേനയുടെ റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സില്‍ 13-കാരനായ ദില്‍ഷന്‍ മരിച്ചത് വെടിയേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് തോക്കിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചിരുന്നത്. വെടിയുണ്ട കുട്ടിയുടെ തല തുളച്ച് പുറത്തേക്ക് പോയി മതിലിന്റെ ചുമരില്‍ തട്ടി താഴെ വീഴുകയായിരുന്നു. കുട്ടി മരിച്ചത് വെടിയേറ്റാണെന്ന് വ്യക്തമാക്കുന്ന ബാലിസ്റ്റിക് വിദഗ്ധരുടെ റിപ്പോര്‍ട്ടും സി.ബി.സി.ഐ.ഡി.ക്ക് ലഭിച്ചിട്ടുണ്ട്.
ദില്‍ഷന്‍ വെടിയേറ്റ് മരിച്ച ജൂലായ് മൂന്നിന് പോലീസ് നേരത്തെ സംശയിച്ചിരുന്ന അജയ്‌സിങ്ങിനോടൊപ്പം ഈ റിട്ട. കേണലും ഉണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി. ബി.സി.ഐ.ഡി. നടത്തിയ ചോദ്യം ചെയ്യലിലാണ് റിട്ട. കേണലാണ് വെടിവെച്ചതെന്ന് കണ്ടെത്തിയത്.
കുട്ടിയെ വെടിവെച്ചത് ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കാറില്‍ പുറത്തേക്ക് പോകുന്നതിനിടയിലാണ് വെടിവെച്ചതെന്നും സി.ബി. സി.ഐ.ഡി. നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം