ഗോപാല്‍ സുബ്രഹ്മണ്യം തുടരണമെന്ന് പ്രധാനമന്ത്രി

July 10, 2011 ദേശീയം

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ പ്രധാന നിയമോപദേശകരിലൊരാളായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം രാജിവെയ്ക്കരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
കഴിഞ്ഞ ദിവസമാണ് ഗോപാല്‍ സുബ്രഹ്മണ്യം രാജിയ്‌ക്കൊരുങ്ങിയ സാഹചര്യത്തിലാണ് തുടരണമെന്ന് പ്രധാനമന്ത്രി കേന്ദ്രനിയമമന്ത്രാലയത്തെ അറിയിച്ചത്.
അടുത്തിടെ സുപ്രീംകോടതിയില്‍നിന്ന് സര്‍ക്കാറിന് നിരന്തരം വിമര്‍ശം നേരിടുന്നുണ്ട്. സര്‍ക്കാറിന്റെ കേസ് നടത്തിപ്പിലുണ്ടാകുന്ന പിടിപ്പുകേടായിട്ടാണ് ഇതിനെ ചില കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തുന്നത്. ഈ കുറ്റപ്പെടുത്തലിന്റെ മുന നീളുന്നത് ഗോപാല്‍ സുബ്രഹ്മണ്യത്തിലേക്കാണ്.
ഏറ്റവും ഒടുവില്‍ വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. വിധിയുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്ന് ചില വിശദീകരണങ്ങള്‍ തേടാന്‍ ഒരുവശത്ത് നീക്കം നടക്കുന്നതിനിടയിലാണ് സോളിസിറ്റര്‍ ജനറല്‍ രാജിക്കൊരുങ്ങിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം