കേരളത്തെ പച്ചക്കറി സ്വയംപര്യാപ്തമാക്കും: മന്ത്രി കെ.പി. മോഹനന്‍

July 10, 2011 കേരളം

കോഴിക്കോട്: രണ്ടു വര്‍ഷംകൊണ്ടു കേരളത്തെ പച്ചക്കറി സ്വയംപര്യാപ്ത സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്നു കൃഷി മന്ത്രി കെ.പി.മോഹനന്‍. പച്ചക്കറി വികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്തവ്യാപാര വിപണിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ പ്രദേശങ്ങളില്‍ പച്ചക്കറികൃഷി വ്യാപിപ്പിക്കുകയെന്നതു സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ്.
ഭക്ഷ്യസുരക്ഷാ രംഗത്തു പച്ചക്കറി ഉത്പാദനത്തിലെങ്കിലും സ്വയം പര്യാപ്തമാക്കുകയെന്നതാണു ലക്ഷ്യം. ഇതിനായി 10 കോടിയിലധികം രൂപ ചെലവഴിച്ച് ഒരു ലക്ഷം ഹെക്ടര്‍ സ്ഥലത്തു പച്ചക്കറികൃഷി വ്യാപിപ്പിക്കും. 25 ലക്ഷം കുടുംബങ്ങളില്‍ വിത്തുനല്കി അടുക്കളത്തോട്ടം നിര്‍മിക്കാനും ലക്ഷ്യമിടുന്നുണ്ട്.
തൊഴിലുറപ്പു പദ്ധതി പ്രകാരം നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയ്ക്കു കൂടി ലഭ്യമാക്കാവുന്ന രീതിയിലേക്കു പുനഃസംവിധാനം ചെയ്യാന്‍ ശ്രമിക്കും. ഇതിനായി പഞ്ചായത്തു മന്ത്രിയുമായി ചര്‍ച്ച ത്തിയിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിവഴിയുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ 60 ശതമാനമെങ്കിലും ഉത്പാദന മേഖലയിലേക്കു കൊണ്ടുവരാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ കൈവശം ഒഴിഞ്ഞു കിടക്കുന്ന ആയിരം ഏക്കറില്‍ പച്ചക്കറി കൃഷി നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വേങ്ങേരി കാര്‍ഷിക വിപണനകേന്ദ്രത്തില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കും. ഒരു വര്‍ഷംകൊണ്ടു വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രം വികസിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ എ.പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.കെ.രാഘവന്‍ എംപി, എംഎല്‍എമാരായ സി.മോയിന്‍കുട്ടി, എ.കെ.ശശീന്ദ്രന്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍ വി.വി.പുഷ്പാംഗദന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജി.സുദര്‍ശനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം