ദേശനാമങ്ങളുടെ ചരിത്രം

July 10, 2011 ലേഖനങ്ങള്‍

ഡോ.എന്‍.അജിത്കുമാര്‍
(തുടര്‍ച്ച)
മലയാളം
മല, ആളം എന്നീ രണ്ടു പദങ്ങള്‍ ചേര്‍ന്നു മലയാളമുണ്ടായെന്നാണ് പണ്ഡിതന്മാരുടെ പൊതുവിധി. സഹ്യപര്‍വ്വതത്തിനു താഴെയുള്ള അളം (=സ്ഥലം) എന്നര്‍ത്ഥകല്‍പ്പനയുണ്ടായിട്ടുണ്ട്. സ്ഥാണുരവിയുടെ കാലംവരെയും ഈ പ്രദേശത്തിനു ‘അളതേയം’ എന്നു വിളിച്ചിരുന്നു. ചേരം+അളം = ചേരളം – കേരളം എന്ന നിഷ്പത്തിക്കും ഒരു കാരണം ഈ അളതേയം തന്നെ. മലയും ആഴവും (കടല്‍) ചേര്‍ന്ന പ്രദേശമെന്നു മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു. കുന്നലക്കോന്‍ എന്ന സാമൂതിരിയുടെ പര്യായനാമം ഇതിനായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ചിലപ്പതികാരത്തിലെ മാടലമറൈയോന്‍ (മാട് = കുന്ന് + അല = കടല്‍-മാടലമറൈയോന്‍=മലയാള ബ്രാഹ്മണന്‍) ഇതിലും പ്രാചീനമായ തെളിവായി ഉണ്ടുതാനും. എന്നാല്‍ അളം ആളമാക്കിയും അല കടലാക്കിയും അര്‍ത്ഥകല്‍പ്പന നടത്തുന്നതിലും നല്ല മറ്റൊരു വഴിയുണ്ട്. അളം ആള്‍ ധാതുവിന്റെ കൃതികൃത് രൂപമാണ്. അഴുക എന്നാല്‍ ഉള്‍ക്കൊള്ളുക ഭരിക്കുക എന്നെല്ലാം അര്‍ത്ഥം. മല+ആഴ്മ – മല + ആള്‍മ – മല + ആന്‍മ – മല + ആണ്‍മ = മലയാണ്മ എന്ന പദനിഷ്പത്തി പരിശേധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും. ഈ നിഷ്പത്തിക്കു ഭാഷാശ്‌സ്ത്രാടിസ്ഥാനമുണ്ട്. രാജ്യം മലയാളം എന്നു പദോത്പത്തി കല്‍പ്പിക്കുന്നതാവും കൂടുതല്‍ അഭികാമ്യം.
മലൈനാട്
പ്രാചീന ചെന്തമിഴ് ഗ്രന്ഥങ്ങളില്‍ മലൈനാട് എന്ന നിലയിലും കേരളം പ്രസിദ്ധമായിരുന്നു.
”തുളിമഴൈ പൊഴിയും
വഴിതുഞ്ചനെടങ്കോട്ട
നളിമലൈനാടനളിചിലൈ” എന്നു പത്തുപ്പാട്ടിലെ ചിറുപാണാറ്റുപ്പടൈപാട്ടിലും
ചെങ്കട്ടുവനെന്റും ചെങ്കോല്‍ വൈന്തന്‍
പൂത്താവഞ്ചി പൂവാവഞ്ചിയില്‍
പോര്‍തൊഴിറ്റാനൈക്കുഞ്ചിയില്‍ പൂനൈയ
നിലനാടെല്ലൈതന്‍ മലനാടെന്ന” എന്നു മണിമേഖല (വഞ്ചിമാനകര്‍ പുക്കകാതൈ 76-83 വരികള്‍) യിലും കേരളത്തെ മലനാടെന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മലൈമനാടെന്നും ചെന്തമിഴ് കൃതികളില്‍ വിശേഷണമുണ്ട്. മലൈയമാന്‍ എന്നതില്‍ നിന്നുമാണ് മലൈമനാടുണ്ടായതെന്നു നാച്ചിനിയര്‍ക്കിനിയര്‍ തൊല്‍ക്കാപ്പിയ വ്യാഖ്യാനത്തിലെ എഴുത്തതികാരത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ചേരരാജാവിനെ മലൈയന്‍, മലൈനാടന്‍, മലൈയമാന്‍, എന്നെല്ലാം പ്രാചീന തമിഴ് ഗ്രന്ഥങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ട്: ‘വറന്റലറിയാച്ചേരലൈ വിറന്‍മലൈനാടന്‍”
ഭാര്‍ഗ്ഗവക്ഷേത്രം
കേരളം പരശുരാമസൃഷ്ടമാണെന്നു പരമ്പരാഗതമായ ഒരു വിശ്വാസമുണ്ട്. കേരളോത്പത്തിയിലും ബ്രഹ്മാണ്ഡപുരാണം ഗദ്യത്തിലും ഈ കഥാപരാമര്‍ശം കാണാം.
”മരുന്നെഴും തവം പൊലിന്ത മുനിവര്‍കൊന്‍ പരെചുരാമെന്‍ വരുണനോടിരന്നുകൊണ്ട മണിമുറമെടുത്തെറിന്തു
പരവയത്തരണിയാക്കിപ്പടത്തകനെന്‍” എന്നു തിരുനിഴല്‍മാല പരശുരാമകഥ സാക്ഷ്യപ്പെടുത്തുന്നു.
”ഇരന്നിരാമേണ കുഠാര ലക്ഷ്മണാ
പയോധിധേരാത്തമുദാത്ത ചേതസാ”
എന്നു ഉണ്ണിയാടീ ചരിതത്തിലും
”ബ്രഹ്മക്ഷത്രം ജനപദുമുഷ സിത മദ്ധ്യക്ഷ യേഥഃ
ദര്‍പ്പാദര്‍ശം ദൃഢതരമൃഷേര്‍ ജാമദഗ്നസ്യ ബാഹോഃ എന്നു ശുകസന്ദേശത്തിലും,
”സകല ഫലസമൃദ്ധൈ്യ കേരളാനാം പ്രതാപം
പെരിയ പരശുരാമസ്യാജ്ഞയാ യത്ര നിത്യം” എന്നു ചന്ദ്രോത്സവത്തിലും ഈ കഥ തുടരുന്നു.
സ്‌കന്ദപുരാണത്തിലെ സഹ്യാദ്രികാണ്ഡത്തില്‍, നാസിക്കു മുതല്‍ കന്യാകുമാരിവരെയുള്ള സപ്തകൊങ്കണങ്ങളെയാണു പരശുരാമന്‍ സമുദ്രത്തില്‍നിന്നു വീണ്ടെടുത്തത് എന്നു പറയുന്നു.
സ്രക്പ്രഗ്രഹവതാരാജം സ്തതോവാക്യമഥാബ്രവീത്
ഗച്ഛതീരം സമുദ്രസ്യ ദക്ഷിണസ്യമഹാമുനേ
നതേമദ് വിഷയെരാമ വാസ്തവ്യ മിഹകര്‍ഹിചിത്
തത: ശൂര്‍പ്പാരകംദേശം സാഗരസ്തസ്യ നിര്‍മമേ’‘ എന്നു മഹാഭാരതം ശാന്തിപൂര്‍വ്വം പരശുരാമോപാഖ്യാന (അ-49)ത്തില്‍ പറയുന്നുണ്ട്. കൂടാതെ സഭാപര്‍വം (സഹദേവദക്ഷിണദിഗ്വിജയം അ-31), അരണ്യപര്‍വ്വം നാരദവാക്യം (അ-85), യാദവപാണ്ഡവസമാഗമം (അ-118), അനുശാസനപര്‍വ്വം ആംഗീരസതീര്‍ത്ഥയാത്ര (അ-25) എന്നിടങ്ങളിലുമുണ്ട്. ഗോകര്‍ണ്ണത്തിനടുത്ത് ഒരു ക്ഷേത്രത്തിനു ശൂര്‍പ്പാരകക്ഷേത്രമെന്ന പേര് ഇന്നുമുണ്ട്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു കേരളത്തിനു ഭാര്‍ഗ്ഗവക്ഷേത്രമെന്ന പേരുണ്ടായത്.
മലബാര്‍
കേരളത്തിനെ പ്രാചീനകാലങ്ങളില്‍ വിദേശികള്‍ വിളിച്ചിരുന്നത് മലബാര്‍, മനിബാര്‍, മെലിബാര്‍, മൊലിബാര്‍ എന്നിങ്ങനെയാണ്. കേരളത്തെ ആദ്യമായി മലബാറെന്നു വളിച്ചത് അല്‍ബറൂനിയെന്ന അറബിസഞ്ചാരിയത്രേ. മലയെന്ന മലയാളവാക്കും ബാര്‍ (=കര) അഥവാ ബ്ബാര്‍ (=രാജ്യം) എന്നീ പേര്‍ഷ്യന്‍ വാക്കുകളിനൊന്നും സംയോജിച്ച വാക്കുണ്ടായെന്നു പണ്ഡിതന്മാര്‍ പൊതുവേ കരുതുന്നു. മല+വാരം (മലയുടെ താഴ്‌വാരം) എന്നീ പദങ്ങള്‍ സംയോജിച്ച മലവാരം, മലബാര്‍ എന്ന പദരൂപീകരണത്തില്‍ അറബികളെ സ്വാധീനിച്ചുവെന്നു കരുതുന്നതില്‍ അസംഗതമൊന്നുമില്ല. അതല്ലാതെ രണ്ടു വ്യത്യസ്ത ഭാഷാപദങ്ങള്‍ സംയോജിക്കുന്നതിനു മറ്റു യുക്തികളൊന്നുമില്ല. മലെ=കുരുമുളക് വിളയുന്ന ബാര്‍ = കര എന്നു ഡോ.റോബര്‍ട്‌സണ്‍ ‘ഹിസ്റ്റോറിക്കല്‍ ഡിസ്‌ക്യൂസിഷന്‍ കണ്‍സേണിങ്ങ് ഏന്‍ഷ്യന്റ് ഇന്ത്യ’ എന്ന ഗ്രന്ഥത്തില്‍ അഭിപ്രായപ്പെട്ടിട്ടുള്ളതും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.
മീമാംസയ്ക്കു പ്രചുരപ്രചാരം ലഭിച്ച നാട് എന്ന കാരണത്താല്‍ ഹിന്ദുക്കള്‍ കേരളത്തെ കര്‍മ്മഭൂമിയെന്നും പറയാറുണ്ട്. ഏതായാലും മലബാറെന്ന പദമൊഴികെ മറ്റെല്ലാ നാമങ്ങളും മനുഷ്യനാമബന്ധിതമായി ഉണ്ടായി എന്നതിനു തെളിവുള്ളപ്പോള്‍ കേരളമെന്ന പദവും അങ്ങനെ രൂപപ്പെട്ടുവെന്നു കരുതുന്നതില്‍ തെറ്റില്ല.
(അവസാനിച്ചു)

കൂടുതല്‍ വാര്‍ത്തകള്‍ - ലേഖനങ്ങള്‍