മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി തുടങ്ങി

July 11, 2011 കേരളം

മൂന്നാര്‍: റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മേഖലയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. ചിന്നക്കനാല്‍ ഗ്യാപ്പ് മേഖലയിലെ 250 ഏക്കര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ദൗത്യസംഘം ഒഴിപ്പിച്ചെടുത്ത ഈ സ്ഥലത്ത് വീണ്ടും കയ്യേറ്റം നടത്തിയതാണ്. തുടര്‍ന്ന് ചിന്നക്കനാല്‍ വിലക്ക് ഭാഗത്തെ നാല് സര്‍വ്വേ നമ്പറുകളില്‍പ്പെട്ട 70 ഏക്കറും സിങ്കുകണ്ടത്തെ 104 ഏക്കര്‍ ഭൂമിയിയും ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചു. ആനയിറങ്കല്‍ ഡാമിന്റെ പരിസര പ്രദേശത്തെ കയ്യേറ്റ പ്രദേശങ്ങളുമുള്‍പ്പെടെ 585 ഏക്കറാണ് ഇന്ന് ഏറ്റെടുക്കുക.
മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് സ്വയം ഒഴിയാന്‍ സര്‍ക്കാര്‍ നല്‍കിയ രണ്ടാഴ്ച സമയം തീര്‍ന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കല്‍. സര്‍ക്കാര്‍ ഭൂമി കൈയേറിയത് മുഴുവന്‍ ഒഴിപ്പിക്കണമെന്ന് ജൂണ്‍ 24ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു. ഒഴിയാന്‍ അന്ത്യശാസനം നല്‍കിയിട്ടും ആരും അതിന് കൂട്ടാക്കിയിട്ടില്ല. കൈയേറ്റസ്ഥലങ്ങളില്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. അവ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടും. ബലപ്രയോഗം പരമാവധി കുറച്ച് കൈയേറ്റം ഒഴിപ്പിക്കാനാണ് നിര്‍ദ്ദേശം. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയ മന്ത്രി, കളക്ടര്‍ ഇ. ദേവദാസന്‍, ദേവികുളം സബ് കളക്ടര്‍ എം.ജി. രാജമാണിക്യം, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം