ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം: രാജകുടുംബവുമായും ക്ഷേത്രത്തിലെ മുഖ്യകാര്‍മികരുമായും സര്‍ക്കാര്‍ ചര്‍ച്ചനടത്തും

July 11, 2011 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം എന്തു ചെയ്യണമെന്നതു സംബന്ധിച്ച സര്‍ക്കാരിന്റെ അഭിപ്രായം സുപ്രീം കോടതിയെ അറിയിക്കുന്നതിനു മുന്നോടിയായി ക്ഷേത്രത്തിലെ മുഖ്യകാര്‍മികരും തിരുവിതാംകൂര്‍ രാജകുടുംബപ്രതിനിധിയുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചികിത്സകഴിഞ്ഞാലുടന്‍ ചര്‍ച്ചനടത്തുമെന്നു ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
ക്ഷേത്രത്തില്‍ നിന്നു കണ്ടെടുത്ത അമൂല്യശേഖരം സൂക്ഷിപ്പുക്കുന്നതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ക്ഷേത്രത്തില്‍ നടന്ന കണക്കെടുപ്പിന്റെ ചെലവ് ആരു വഹിക്കുമെന്നും ആരാഞ്ഞിരുന്നു. ക്ഷേത്രത്തിലെ നിത്യ കര്‍മങ്ങള്‍ക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും ഭംഗം വരുത്താത്ത വിധം വേണം തുടര്‍ നടപടികളെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണു ക്ഷേത്രത്തിലെ കാര്‍മികരുമായും തിരുവിതാംകൂര്‍ രാജകുടുംബ പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.
ക്ഷേത്രത്തില്‍ നിന്നു കണ്ടെടുത്ത അമൂല്യശേഖരം ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്ന നിലപാടാണു സര്‍ക്കാരിനുള്ളത്. ശ്രീപത്മനാഭസ്വാമിയുടെ സ്വത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റേതാണെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര സ്വത്തില്‍ രാജകുടുംബവും അവകാശവാദം ഉന്നയിച്ചിട്ടില്ല. ക്ഷേത്രത്തിലെ  അമൂല്യശേഖരത്തെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞതോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം