സ്വാമിഅയ്യപ്പന്‍ റോഡ് നിര്‍മ്മാണം ഉടന്‍: ദേവസ്വം മന്ത്രി

July 11, 2011 കേരളം

പത്തനംതിട്ട: ശബരിമലയില്‍ സ്വാമി അയ്യപ്പന്‍ റോഡ് നിര്‍മാണം ഈ തീര്‍ഥാടന കാലത്തിനു മുന്‍പേ ആരംഭിക്കുമെന്നും ക്യു കോംപ്ലക്‌സുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാളികപ്പുറത്തു നിന്നു ചന്ദ്രാനന്ദന്‍ റോഡിലേക്കു സ്ഥിരം പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടു കരസേന ചൊവ്വാഴ്ച വീണ്ടും സന്നിധാനത്ത് എത്തുമെന്നു മന്ത്രി പറഞ്ഞു. ഒക്‌ടോബര്‍ 31ന് മുന്‍പു പാലം പണി പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ തീര്‍ഥാടന കാലത്തു തന്നെ പാലത്തിന്റെ പ്രയോജനം ഭക്തര്‍ക്കു ലഭിക്കും. ദേവസ്വം ബോര്‍ഡിന്റെ  ഉടമസ്ഥതയിലുള്ളതും അന്യാധീനപ്പെട്ടു കിടക്കുന്നതുമായ ഭൂമി സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിന് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
തീര്‍ഥാടന കാലത്തു പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി അടൂര്‍ പ്രകാശ് പ്രഭാഷണം നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നഗരത്തില്‍ ശാസ്താ ക്ഷേത്രത്തിനു സമീപമാണു പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഡപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ ഓഫിസ് ഇവിടേക്കു മാറ്റാനാണു തീരുമാനം.
മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായും വാഹന പാര്‍ക്കിങ്ങിനാണ്. ഒരു കോടിയാണു നിര്‍മാണ ചെലവ്. 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ഏഴ് അതിഥി മുറികളും ഒരു മിനി കോണ്‍ഫറന്‍സ് ഹാളും ഉണ്ട്. ഉദ്ഘാടന ചടങ്ങില്‍ ആന്റോ ആന്റണി എംപി, കെ. ശിവദാസന്‍ നായര്‍ എംഎല്‍എ, നഗരസഭ അധ്യക്ഷന്‍ എ. സുരേഷ് കുമാര്‍, കൗണ്‍സിലര്‍ ടി. സക്കീര്‍ ഹുസൈന്‍, ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡ് അംഗം കെ. സിസിലി എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം