ശിവസങ്കല്‍പം

July 11, 2011 സനാതനം

സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)
ശിവമഹിമ
ശിവപുരാണത്തില്‍ ശിവനെ ബ്രഹ്മസ്വരൂപനായി പ്രകീര്‍ത്തിച്ചിരിക്കുന്നു. ബ്രഹ്മാദികള്‍ ത്രിഗുണങ്ങളില്‍ അധിഷ്ഠിതമായിരിക്കുമ്പോള്‍ ശിവന്‍ ത്രിഗുണങ്ങള്‍ക്കതീതമായിരിക്കുന്നു. വികാരശൂന്യനും തുര്യവസ്ഥയില്‍ സ്ഥിതി ചെയ്യുന്നവനുമാണ് ശിവന്‍.
‘ബ്രഹ്മാദ്യാസ്ത്രിഗുണാധീശാ:
ശിവസ്ത്രിഗുണത: പര:
നിര്‍വികാരീ പര: ബ്രഹ്മാ:
തുര്യാ പ്രകൃതിത: പര:  (ശിവപുരാണം)
സ്വയം അദൈ്വതാവസ്ഥയുള്ളവനായ ശിവന്‍ ജ്ഞാനസ്വരൂപനും അവ്യയനും കൈവല്യമുക്തികള്‍ പ്രദാനം ചെയ്യുന്നവനുമാണ്. ത്രിവര്‍ഗ്ഗങ്ങള്‍ ശിവനില്‍ നിന്നാണുണ്ടായിരിക്കുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നിവ മൂന്നും ത്രിവര്‍ഗ്ഗത്തില്‍പ്പെടുന്നു. ധര്‍മാര്‍ത്ഥകാമങ്ങളും ഇതില്‍പ്പെട്ടതാണ്. വൃദ്ധി, സ്ഥിതി, ക്ഷയം ഇവയും ത്രിവര്‍ഗ്ഗമാണെന്നു പറയും. പ്രപഞ്ചത്തിന്റെ കാരണവസ്തുവായ ബ്രഹ്മത്തിന്റെ സങ്കല്പം തന്നെയാണ് ശിവന്‍ എന്ന് ഇതുകൊണ്ട് സ്പഷ്ടമായിരിക്കുന്നു. ശിവപുരാണത്തില്‍ ഇക്കാര്യം താഴെ പറയുംപ്രകാരം വര്‍ണിച്ചിട്ടുണ്ട്.
‘ജ്ഞാനസ്വരൂപോfവ്യയ: സാക്ഷീ
ജ്ഞാനഗമ്യോfദ്വയ: സ്വയം
കൈവല്യമുക്തിദ: സോfത്ര
ത്രിവര്‍ഗസ്യ പ്രദോfപി ഹി.’  (ശിവപുരാണം)
ബ്രഹ്മാവു മുതല്‍ പുല്‍ക്കൊടി വരെയുള്ള സര്‍വസൃഷ്ടിരൂപത്തിലും കാണപ്പെടുന്നത് ശിവന്‍ തന്നെയാണ്. മറ്റൊന്നാണെന്ന് തോന്നുന്നത് മിഥ്യയാണ്.
‘ബ്രഹ്മാദിതൃണപര്യന്തം
യത് കിഞ്ചിദ്ദൃശ്യതേ ത്വിഹ
തദ്‌സര്‍വം ശിവ ഏവാസ്തി
മിഥ്യാ നാനാത്വകല്പനാ’
സര്‍വാന്തര്യാമിയും, സര്‍വാധരനുമായ സര്‍വേശ്വരന്‍ അനന്തവിശ്വത്തിന്റെ സര്‍വാവസ്ഥകളിലും ഒരേ സമയം വ്യാപരിക്കുന്നു. അനന്തമായ സാമര്‍ത്ഥ്യവും മഹിമയും അവിടുത്തേതാണ്. സൃഷ്ടിക്കുമുമ്പും, സൃഷ്ടി നടക്കുമ്പോഴും, സൃഷ്ടിക്കുശേഷവും, എല്ലാം നശിക്കുന്ന മഹാപ്രളയത്തിലും ശിവനുണ്ടെന്നുള്ള ശിവപുരാണ വര്‍ണന ഈ തത്ത്വത്തെ സമര്‍ത്ഥിക്കുന്നു.
‘സൃഷ്‌ടേ: പൂര്‍വ്വം ശിവ: പ്രോക്ത:
സൃഷ്‌ടേര്‍ മധ്യേ ശിവസ്തഥാ
സൃഷ്‌ടേരന്തേ ശിവ: പ്രോക്ത:
സര്‍വശൂന്യേ തദാ ശിവ:
പരുഷസൂക്തത്തില്‍ അനന്തനാമങ്ങള്‍കൊണ്ട് കീര്‍ത്തിക്കപ്പെടുന്ന ശേഷനും, വിഷ്ണുവും ഇതേ അവസ്ഥയോടു കൂടിയവരാണെന്നു വര്‍ണിച്ചിട്ടുണ്ട്. സ്‌കംഭന്‍, ജ്യേഷ്ഠന്‍, ഹിരണ്യഗര്‍ഭന്‍, പ്രജാപതി, ഉഛിഷ്ടന്‍, പ്രാണന്‍ മുതലായ അനേകം നാമങ്ങളിലാണ് വേദങ്ങളില്‍ പുരുഷനെ വര്‍ണ്ണിച്ചിരിക്കുന്നത്. സഹസ്രശീര്‍നും, സഹസ്രാക്ഷനും സഹസ്രപാദനും ഈ അനന്തപുരുഷന്‍ തന്നെയാണ്. ഉണ്ടായതും ഉണ്ടാകാന്‍ പോകുന്നതുമെല്ലാം പുരുഷനാണെന്ന് വര്‍ണിച്ചിരിക്കുന്നു. അമൃതത്വത്തിന്റെയും അന്നമയമായ എല്ലാറ്റിന്റെയും അധികാരിയും പുരുഷന്‍തന്നെയാണ്. പുരുഷസൂക്തത്തില്‍ പുരുഷന്റെ ഈ മഹിമാവിശേഷം വര്‍ണ്ണിച്ചിരിക്കുന്നതിങ്ങനെയാണ്.
‘പുരുഷ ഏവേദം സര്‍വം യദ്ഭൂതം യച്ച ഭവ്യം
ഉതാമൃതത്വസ്യേശാനോ യദന്നേനാതിരോഹതി’
ആദി പുരുഷനെന്ന് പുരുഷസൂക്തത്തിലും, ശിവനായിട്ട് ശിവപുരാണത്തിലും വര്‍ണിച്ചിരിക്കുന്ന ജഗത്കാരണ സ്വഭാവം ഒന്നുതന്നെയാണെന്ന് വൈഷ്ണവസിദ്ധാന്തക്കാര്‍ക്കും ശൈവസിദ്ധാന്തക്കാര്‍ക്കും വിശ്വസിക്കുവാനുള്ള ആധികാരികമായ വിശേഷങ്ങളാണ് ഇവിടെ കാണുന്നത്. സ്വശക്തിയില്‍നിന്ന് ഉദ്ഭൂതമായ ഈ പ്രപഞ്ചത്തില്‍ പ്രതിബിംബിക്കുന്നതുപോലെ ശിവന്‍ ഈ പ്രപഞ്ചത്തില്‍ പ്രതിബിംബഭാവേന വ്യാപിച്ചിരിക്കുന്നു. നക്ഷത്രത്തിന്റെ പ്രതിബിംബത്തിനും ജലത്തിനും ബന്ധമില്ലാത്തതുപോലെ ശിവന് പ്രപഞ്ചത്തില്‍നിന്ന് നിര്‍മുക്തമായ അവസ്ഥയാണുള്ളത്.
രചയിത്വാ സ്വയം തച്ച പ്രവിശ്യ ദൂരത: സ്ഥിത:
ന തത്ര ച പ്രവിഷ്‌ടോfസൗ നിര്‍ലിപ്തശ്ചിത്സ്വരൂപവാന്‍’ (ശിവപുരാണം)
സ്‌കന്ദപുരാണത്തിലുള്ള ആറ് സംഹിതകളെ 50ഖണ്ഡമായി വിഭജിച്ചിട്ടുണ്ട്. സനല്‍കുമാരസംഹിത, സൂതസംഹിത, ശങ്കരസംഹിത, വിഷ്ണുസംഹിത, ബ്രഹ്മസംഹിത, സുരസംഹിത എന്നിങ്ങനെയാണവയുടെ പേരുകള്‍, മൂന്നാമത്തെ സംഹിതയായ ശങ്കരസംഹിതയില്‍ ഫാലാസ്യമാഹാത്മ്യത്തെപ്പറ്റി വിവരിക്കുന്നുണ്ട്. ശിവനില്‍നിന്നു പാര്‍വതിയും സുബ്രഹ്മണ്യനും, സുബ്രഹ്മണ്യനില്‍നിന്നു അഗസ്ത്യനും, അഗസ്ത്യനില്‍നിന്നു വസിഷ്ഠനും ക്രമേണ ഹാലാസ്യമാഹാത്മ്യം പഠിക്കുകയാണുണ്ടായത്. അഗസ്ത്യസംഹിതയെന്നു വിളിക്കുന്നുണ്ട്. ശിവമഹാത്മ്യത്തെ ശിവന്റെ അറുപത്തിനാല് ലീലകളിലാണ് ഹാലാസ്യമാഹാത്മ്യമെന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുള്ളത്. വിസ്തരഭയം കൊണ്ട് അറുപത്തിനാല് ലീലകളുടെ പേരുകള്‍ ഇവിടെ ചേര്‍ക്കന്നില്ല. ഹാലാസ്യം ശിവമാഹാത്മ്യം കൊണ്ടു പ്രസിദ്ധമായിത്തീര്‍ന്നിട്ടുള്ളപുണ്യസ്ഥമാണ്.
‘ഭൂലോകപ്രസിദ്ധമാം ഹാലാസ്യക്ഷേത്രത്തിങ്കല്‍
മാലോകര്‍ക്കഭീഷ്ടത്തെച്ചാരവേ കൊടുപ്പാനായ്
ലീലകളറുപതും നാലുമന്‍പോടു ചെയ്ത
കാലാരേ, നീലകണ്ഠ, പാലയകൃപാലയ’
എന്നിങ്ങനെ ഹാലാസ്യമാഹാത്മ്യത്തെ വര്‍ണിക്കുന്നിടത്ത് ശിവന്റെ മഹിമാവിശേഷത്തെ പ്രകീര്‍ത്തിച്ചിരിക്കുന്നു.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം