ശ്രുതിയും സ്‌മൃതിയും സ്ത്രീ സ്വാതന്ത്ര്യവും

July 11, 2011 സനാതനം

സ്വാമി സത്യാനന്ദസരസ്വതി
(തുടര്‍ച്ച)
ശ്രുതിയും സ്മൃതിയും മൃഗങ്ങളില്‍
പ്രസവിക്കുന്ന പശുവിന്റെ ശബ്ദത്തിലും പശുക്കുട്ടിയിലും ബന്ധപ്പെട്ടുനില്ക്കുന്ന ശബ്ദാര്‍ത്ഥ മണ്ഡലവും ഇതില്‍നിന്നന്യമല്ല. ശരീരങ്ങള്‍ നശിച്ചാലും നശിക്കാത്ത ഒരു ശബ്ദവീചി ഇങ്ങനെ അനശ്വരമായി നിലകൊള്ളുന്നു. ആവര്‍ത്തന ജന്മങ്ങളിലൂടെ ഈ തരംഗസംസ്‌ക്കാരം പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങളാണ് ശ്രുതിയും സ്മൃതിയും. ഇത് ഒരു കാലഘട്ടത്തിന്റെ കുത്തകയോ, ഏതെങ്കിലും ഒരു വ്യക്തിയുടെ കാലാനുസൃതവികാരമോ അല്ല. മനു എഴുതിവച്ച ഗ്രന്ഥമോ മഹര്‍ഷിമാര്‍ വയറ്റിപ്പാടിനുകാട്ടിക്കൂട്ടിയ മാര്‍ഗരേഖയോ അല്ല. അക്കാരണം കൊണ്ടുതന്നെ ശ്രുതിയും സ്മൃതിയും ചുട്ടെരിക്കാന്‍ സാധ്യവുമല്ല. അവ പ്രപഞ്ച നിയമത്തിനാധാരമായ തത്ത്വങ്ങളാണ്.
ശ്രുതിയും സ്മൃതിയും ചെടികളില്‍
ഹോള്‍ട്ടികള്‍ച്ചറല്‍ സെന്ററില്‍ ഓര്‍ക്കിഡുകളുടെ വിത്തുകള്‍ ഒരു ക്ലിപ്തവ്യവസ്ഥയില്‍ ചലിക്കുന്ന തട്ടുകളില്‍ വച്ച് മുളപ്പിക്കുന്നുണ്ട്. ചലിക്കുന്ന തട്ടുകള്‍ സൃഷ്ടിക്കുന്ന തരംഗശക്തിക്ക് വ്യത്യാസം വരുത്തിയാല്‍ വിത്തുകള്‍ മുളയ്ക്കുകയില്ലെന്നു മാത്രമല്ല മുളച്ച വിത്ത് കരിഞ്ഞുപോകുകയും ചെയ്യും. ശബ്ദതരംഗവും വിത്തിന്റെ ബീജത്തില്‍ നിന്ന് വളര്‍ന്നുവന്ന ചെടിയുടെ ശരീരവും തമ്മിലുള്ള ബന്ധമാണ് വളര്‍ച്ചക്കും നാശത്തിനും കാരണം. ശബ്ദങ്ങളുടെ ഒരു ക്രമീകൃത വ്യവസ്ഥയെ അതിലംഘിച്ച് രൂപങ്ങള്‍ക്ക് നിലനില്പ്പില്ല. ഇവിടെ ട്രേയുടെ ചലനത്താല്‍ ലഭിക്കുന്ന ശ്രുതിയില്‍ നിന്ന് വിത്തിന്റെ സ്മൃതി മണ്ഡലത്തില്‍ ഉയര്‍ന്നു വന്നതാണ് ഓര്‍ക്കിഡ് ചെടി. ശ്രുതി സ്മൃതി തത്ത്വങ്ങള്‍ തന്നെയാണിവിടെയും പ്രവര്‍ത്തിക്കുന്നത്.
ശ്രുതിയും സ്മൃതിയും മനുഷ്യജീവിതത്തില്‍
മനുഷ്യജീവിതത്തോടു ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു നോക്കാം. ഗെയ്റ്റിന് വെളിയില്‍നിന്ന് ഒരാള്‍ വിളിക്കുന്നുവെന്നിരിക്കട്ടെ. ശബ്ദം കേള്‍ക്കുമ്പോള്‍ വീട്ടിലിരിക്കുന്ന മകന്‍ അച്ഛന്‍ വന്നവിവരം മനസ്സിലാക്കുകയും ഗെയ്റ്റ് തുറക്കാന്‍ ഓടി പുറത്തുവരികയും ചെയ്യുന്നു. ശബ്ദവും രൂപവും തമ്മിലുള്ള ബന്ധം ഇതില്‍ കൂടി പരിശോധിക്കാം. മകന്‍ കേട്ടത് അച്ഛന്റെ ശബ്ദമാണ്. എങ്കിലും മനസില്‍ പൊന്തിവന്നത് അച്ഛന്റെ  രൂപമാണ്. ശബ്ദം കേള്‍ക്കുന്നനിമിഷം വരെ ഈ രൂപം എവിടെയാണെന്ന് ചിന്തിക്കേണ്ടതുണ്ട്. മകന്റെ മനസില്‍ അഥവാ ജീവനില്‍ അച്ഛന്റെ രൂപം സംസ്‌ക്കാരമായി ലയിച്ചു കിടന്നിരുന്നു. ഒരു പ്രത്യേകതരംഗവീചിയിലൂടെ ആ രൂപം പൊങ്ങിവരുകയാണ് ചെയ്തത്. ഓര്‍ക്കിഡിന്റെ രൂപം പ്രാപിച്ചു വളര്‍ന്നതും അച്ഛന്‍ വിളിച്ചപ്പോള്‍ ആ ശബ്ദത്തിന്റെ ഫ്രിക്വന്‍സിയില്‍ അച്ഛന്റെ ശരീരം മകന്റെ മനസ്സില്‍ പൊന്തിവന്നതും ഒരേ തത്ത്വത്തെ ആശ്രയിച്ചാണ്. ഇവിടെ ശ്രുതിയിലൂടെ പ്രവര്‍ത്തിച്ച തരംഗവീചികള്‍ സ്മൃതിയില്‍ രൂപം പ്രാപിക്കുകയാണ് ചെയ്തത്.
(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം