ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ മികച്ചസുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ദേവസ്വം മന്ത്രി

July 12, 2011 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ മികച്ചസുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. കേരള പോലീസ്, പോലീസ് കമാന്‍ഡോ, ദ്രുതകര്‍മ സേന എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ നടപ്പിലാക്കുക. പാലോട് രവിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ദേവസ്വം മന്ത്രി. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് എത്ര തുകവേണമെങ്കിലും ചെലവാക്കാമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ക്ഷേത്രസുരക്ഷ ഫലപ്രദമാക്കാന്‍ ക്ഷേത്രാചാരങ്ങള്‍ക്കു തടസം വരുത്താതെ മൂന്നു ഓഫിസര്‍മാരും മൂന്നു ഹവീല്‍ദാര്‍മാരും 47 പോലീസ് കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെ 53 പേരെ മൂന്നു ഷിഫ്റ്റുകളിലായി ക്ഷേത്രത്തിനകത്തും ഒരു ഓഫീസറും മൂന്നു ഹവീല്‍ദാര്‍മാരും 69 കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെ 73 പേരെ ക്ഷേത്രത്തിനു പുറത്തുമായി സുരക്ഷയ്ക്കു വിന്യസിച്ചിട്ടുണ്ട്.എ.ഡി.ജി.പി വേണു ഗോപാല്‍ കെ. നായരുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍, ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി എസ്. അനന്തകൃഷ്ണന്‍, റെയ്ഞ്ച് ഐ.ജി കെ. പത്മകുമാര്‍ എന്നിവരടങ്ങിയ പ്രത്യേക സുരക്ഷാസമിതിയും രൂപീകരിച്ചു.
സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നു സ്വത്തുക്കള്‍ കണ്ടെത്തി തിട്ടപ്പെടുത്തി വരുന്നത്. ആ പ്രക്രിയ തുടരുന്നുവെന്നും വി.എസ് ശിവകുമാര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം