പത്മനാഭസ്വാമിക്ഷേത്രത്തിന്‌ ത്രിതല സുരക്ഷ വേണം: പോലീസ്‌

July 13, 2011 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. സഹസ്രകോടിയുടെ നിധിനിക്ഷേപമുള്ള ക്ഷേത്രത്തിന്‌ ത്രിതല സുരക്ഷാസംവിധാനം ഒരുക്കണമെന്നാണ് എഡി.ജി.പി കെ. വേണുഗോപാല്‍ നായര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെ കമാന്‍ഡോകളുടെ എണ്ണം കൂട്ടാനും ക്യാമറകളും സെന്‍സറുകളും കൂട്ടാനും നിര്‍ദേശമുണ്ട്.
ക്ഷേത്രത്തിനുസമീപത്ത് സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസിന്റെ നേതൃത്വത്തില്‍ അരകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിനും പെട്ടെന്നുള്ള കടന്നാക്രമണം തടയുന്നതിനുമായി ക്ഷേത്രത്തിലേക്കുള്ള നാല് പ്രവേശനറോഡുകളിലെ കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ഏതെല്ലാം കെട്ടിടങ്ങളാണ് ഒഴിപ്പിക്കേണ്ടതെന്ന് നിശ്ചയിക്കാനും പോലീസ് കണക്കെടുപ്പ് ആരംഭിച്ചു. ഇതില്‍ ഏറെയും കടകളാണ്.
വീടിന്റെ ഉടമസ്ഥാവകാശം, കുടുംബാംഗങ്ങളുടെ എണ്ണം, എത്രകാലമായി താമസിക്കുന്നു, താമസക്കാരുടെയും കടയുടമകളുടെയും ക്രിമിനല്‍ പശ്ചാത്തലം എന്നിവയാണ് ശേഖരിക്കുന്നത്. വീടുകളില്‍ അതിഥികളായെത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ പോലീസിനെ അറിയിക്കാനുള്ള നിര്‍ദ്ദേശവും വീട്ടുടമകള്‍ക്ക് പോലീസ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ഒഴിപ്പിക്കേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍ കൊട്ടാരത്തിന് കൈമാറും. കെട്ടിടങ്ങള്‍ ഒഴിപ്പിക്കാതെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം