മുംബൈയില്‍ വീണ്ടും സ്‌ഫോടന പരമ്പര: 21 മരണം

July 14, 2011 ദേശീയം

മുംബൈ: മുംബൈയില്‍ വീണ്ടും സ്‌ഫോടന പരമ്പര അരങ്ങേറി. ദക്ഷിണ മുംബൈയിലെ സവേരി ബസാര്‍, ഓപ്പറ ഹൗസ്, മധ്യമുംബൈയിലെ ദാദര്‍ വെസ്റ്റ് എന്നിവിടങ്ങളില്‍ 15 മിനിറ്റ് ഇടവേളയിലുണ്ടായ സ്‌ഫോടനങ്ങളില്‍ 21 പേര്‍ മരിച്ചതായും 113 പേര്‍ക്കു പരുക്കേറ്റതായുമാണു രാത്രി വൈകിയുള്ള വിവരം. മലയാളികളാരും ദുരന്തത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണു വിവരം.
തീവ്രവാദി ആക്രമണമാണെന്നും മൂന്നു സ്‌ഫോടനങ്ങളും അതീവ ശക്തിയേറിയ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനെയാണ് പ്രധാനമായും സംശയിക്കുന്നത്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു തൊട്ടു മുന്‍പുള്ള ആക്രമണത്തില്‍ പാക്ക് ഭീകര സംഘടനകള്‍ക്കു പങ്കുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
186 പേര്‍ കൊല്ലപ്പെട്ട ട്രെയിന്‍ സ്‌ഫോടനപരമ്പരയുടെ അഞ്ചാം വാര്‍ഷികം കഴിഞ്ഞു രണ്ടാം ദിവസമാണു ഭീകരാക്രമണമെന്നതും അതീവ പ്രാധാന്യമര്‍ഹിക്കുന്ന വസ്തുതയാണ്. പ്രത്യേക ബിഎസ്എഫ് വിമാനത്തില്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകളും (എന്‍എസ്ജി) ഫോറന്‍സിക് സംഘവും രണ്ടു മണിക്കൂറിനകം മുംബൈയിലെത്തി. എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) സംഘവും നഗരത്തിലുണ്ട്.
സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷാ മുന്‍കരുതല്‍ പാലിക്കുന്നു. മെട്രോകളും സംസ്ഥാന തലസ്ഥാനങ്ങളുമടക്കം 14 പ്രധാന നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വിമാനത്താവളങ്ങള്‍, റയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് സന്നാഹം ശക്തമാക്കി.
മരിച്ചവരില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞു: വര്‍ഷ കരിയ, ലൂസനിയ ഡിസൂസ, മന്ദ്‌കേശ്വര്‍ വിശ്വകര്‍മ. മൂന്നിടത്തു സ്‌ഫോടനം നടന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയിരുന്നു.
തുണിയില്‍ പൊതിഞ്ഞും ടിഫിന്‍ കാരിയറിലും സൂക്ഷിച്ച ഏഴു ബോംബുകളാണ് മൂന്നിടത്തായി പൊട്ടിയതെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്ന പ്രാഥമിക വിവരം. ഇത്തരം ആക്രമണശൈലി ഇന്ത്യന്‍ മുജാഹിദ്ദീന്റേതാണെന്നു പൊലീസ് പറഞ്ഞു. പരമാവധി മരണം ലക്ഷ്യമിട്ട് ഏറ്റവും തിരക്കേറിയ സമയത്തു സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
ദാദറില്‍ അഞ്ചോളം മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു. സവേരി ബസാറില്‍ പൊട്ടാത്ത ബോംബ് കണ്ടെത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇവിടെ വൈദ്യുതി പോസ്റ്റിലെ മീറ്റര്‍ ബോക്‌സിലാണു സ്‌ഫോടനമെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ കുടയ്ക്കുള്ളിലെ ബോംബാണു പൊട്ടിത്തെറിച്ചതെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ അരൂപ് പട്‌നായിക് അറിയിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുംബൈയിലും ചിദംബരത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലും അടിയന്തര ഉന്നതതല യോഗം ചേര്‍ന്നു. ചിദംബരം ഉടന്‍ മുംബൈയിലേക്കു പോകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ മുംബൈയില്‍ മൊബൈല്‍ ഫോണ്‍ ശൃംഖല തടസ്സപ്പെട്ടു. ശാന്തത പാലിക്കണമെന്നും സ്‌ഫോടനം നടന്ന സ്ഥലങ്ങളിലേക്കു പോകരുതെന്നും മുഖ്യമന്ത്രി ജനങ്ങളോടു നിര്‍ദേശിച്ചു. പരുക്കേറ്റവരെ ജിടി, ജെജെ, കെഇഎം, സെന്റ് ജോര്‍ജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സ്‌ഫോടനങ്ങളില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും നടുക്കം രേഖപ്പെടുത്തി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എന്നിവരും ആക്രമണത്തെ അപലപിച്ചു.
ഇന്ത്യയ്ക്കു പൂര്‍ണ സഹായവും പിന്തുണയുമുണ്ടാകുമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു. പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി എന്നിവരും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം