മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

July 14, 2011 കേരളം

തിരുവനന്തപുരം: സി.എസ്.ഐ. സഭയുടെ ആസ്ഥാനമായ എല്‍ .എം.എസ്. കോമ്പൗണ്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണന്‍, ക്യാമറാമാന്‍ അയ്യപ്പന്‍, ഇന്ത്യ വിഷന്‍ ലേഖകന്‍ മാര്‍ഷല്‍ വി. സെബാസ്റ്റിയന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മാര്‍ഷല്‍ വി. സെബാസ്റ്റിയന്റെ തലയ്ക്ക് പോലീസിന്റെ ലാത്തിയടിയേല്‍ക്കുകയായിരുന്നു.

കാരക്കോണം സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഹൗസിലെത്തിയ ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിനുനേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ഓഫീസില്‍ നിന്നിറങ്ങിയ ഇരുപത്തിയഞ്ചോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ ഒരു പോലീസുകാരനും ഒരു ഡി.സി.സി. അംഗവും ഉണ്ടായിരുന്നതായി മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. ലേഖകനെ നിലത്തിട്ട് ചവുട്ടിയ അക്രമികള്‍ കാമറയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

അക്രമവുമായി ബന്ധപ്പെട്ട് എല്‍.എം.എസ് ബിഷപ്പ് ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരനായ ഡേവിഡിനെയും മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയുന്ന 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ വാര്‍ത്താസംഘത്തിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത ക്യാമറയിലെ ടേപ്പ് ഇതേ വരെ തിരികെ നല്‍കിയിട്ടില്ല.

ഇതില്‍ പ്രതിഷേധിച്ച് എല്‍.എം.എസിനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തുന്നതിനിടെ വീണ്ടും അക്രമം നടന്നു. ഇതിലാണ് മാര്‍ഷല്‍ വി. സെബാസ്റ്റിയനന് പരിക്കേറ്റത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമരക്കാരെ സന്ദര്‍ശിച്ച് മടങ്ങിയ ഉടനെയാണ് രണ്ടാമത്തെ അക്രമം നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം