ഭീകരാക്രമണങ്ങള്‍ പാകിസ്താന്റെ പരോക്ഷയുദ്ധം: അദ്വാനി

July 15, 2011 ദേശീയം

മുംബൈ: ഭാരതത്തിലെ ഭീകരാക്രമണങ്ങള്‍ പാകിസ്താന്‍ പ്രതിഫലം കൊടുത്തും സൗകര്യങ്ങളൊരുക്കിക്കൊടുത്തും ചെയ്യിക്കുന്ന പരോക്ഷ യുദ്ധങ്ങളാണെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി ആരോപിച്ചു. ഭീകരവാദത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന പരസ്പരവിരുദ്ധമായ നിലപാട് ഉപേക്ഷിച്ച് സന്ധിയില്ലാസമരം പ്രഖ്യാപിക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു. പാകിസ്താനിലെ ഭീകരത്താവളങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതുവരെ ആ രാജ്യവുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് അര്‍ഥമില്ല.

മുംബൈ ആക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്നാണ് ചിലര്‍ പറയുന്നത്. ഇന്ത്യന്‍ മുജാഹിദീനായാലും അവര്‍ക്ക് സംരക്ഷണം ലഭിക്കുന്നത് പാകിസ്താനില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച സ്‌ഫോടനപരമ്പരയുണ്ടായ മുംബൈ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈയിലുണ്ടായ സ്‌ഫോടനപരമ്പര വരാനിരിക്കുന്ന വലിയ ഭീകരാക്രമണത്തിന്റെ റിഹേഴ്‌സലാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സംവിധാനം പരാജയമാണെന്നാണ് ഇത്തരം കാടന്‍ആക്രമണങ്ങളിലൂടെ ഭീകരര്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം രാജിവെക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക് സിംഗാള്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം