പെന്റഗണ്‍ വന്‍ സൈബര്‍ ആക്രമണത്തിനിരയായി

July 15, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: ഇക്കഴിഞ്ഞ മാര്‍ച്ചില്‍  വന്‍ സൈബര്‍ ആക്രമണം നടന്നതായി പെന്റഗണ്‍ യുഎസ് പ്രതിരോധ മന്ത്രാലയം വൃത്തങ്ങള്‍. ആയിരക്കണക്കിന് രേഖകള്‍ ഹാക്കു ചെയ്യപ്പെട്ടതായി ഡപ്യൂട്ടി പ്രതിരോധ സെക്രട്ടറി വില്യം ലിന്‍ വെളിപ്പെടുത്തി.
പെന്റഗണില്‍ നിന്നു മാര്‍ച്ചില്‍ 24,000 രേഖകളാണ് വിദേശ ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളിലൊന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പെന്റഗണിന്റെ ആദ്യ സൈബര്‍ സുരക്ഷാ നയം പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ലിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഒരു വിദേശ സര്‍ക്കാരാണെന്നും ഇതു സംബന്ധിച്ചു യുഎസിനു വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഹാക്കര്‍മാരെ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.ടാങ്കുകള്‍, വിമാനങ്ങള്‍ തുടങ്ങിയവയെ കുറിച്ചുളള സാങ്കേതിക വിവരങ്ങളാണ് ചോര്‍ത്തിയത്.
വെറും വിവരങ്ങള്‍ ചോര്‍ത്തുകയായിരിക്കില്ല ഭാവിയിലെ സൈബര്‍ ആക്രമണങ്ങളുടെ ലക്ഷ്യമെന്നും യുഎസ് പ്രതിരോധ സംവിധാനത്തെ തകര്‍ക്കാനും ഒരു പക്ഷേ മരണങ്ങള്‍ക്കുവരെ കാരണമാകാനും അവ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം