മുംബൈ സ്‌ഫോടനം: അന്വേഷണം ‘സിമി’യിലേക്കും നീളുന്നു

July 16, 2011 കേരളം

തിരുവനന്തപുരം: മുംബൈ സ്‌ഫോടനങ്ങളില്‍ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്ന ‘സിമി’ ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
മുംബൈ സ്‌ഫോടനങ്ങളിലെ അന്വേഷണം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) യും ദേശീയ അന്വേഷണ ഏജന്‍സിയും കേരളത്തില്‍ സിമിക്കു വേരുകളുള്ള കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. മുംബൈയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഇന്ത്യന്‍ മുജാഹിദ്ദിന്‍, ലഷ്‌ക്കര്‍ ഇ തൊയ്ബ, ഇന്ത്യന്‍ മുജാഹിദിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിമി എന്നീ സംഘടനകളെയാണ് എ.ടി.എസ്. സംശയിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ മുജാഹിദിനും സിമിയുമാണ് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും കേരളമുള്‍പ്പെടെ നാലുസംസ്ഥാനങ്ങളില്‍ ഈ സംഘടനകള്‍ക്ക് ഇപ്പോഴും ശക്തമായ ശൃംഖലകളുണ്ടെന്നും ഗുജറാത്ത് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

2008ല്‍ ജയ്പുര്‍, ബാംഗ്ലൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരകളുടെ അതേരീതിയിലാണ് മുംബൈയിലും സ്‌ഫോടനങ്ങള്‍ നടന്നത്. ഈ മൂന്നു സ്‌ഫോടനങ്ങള്‍ക്കുപിന്നിലേയും കേരള ബന്ധം പിന്നീട് തെളിഞ്ഞിരുന്നു. ബാംഗ്ലൂര്‍ സ്‌ഫോടനപദ്ധതി നടപ്പിലാക്കിയത് കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറാണെന്ന്, കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ. വ്യക്തമാക്കിയിരുന്നു. ജയ്പുര്‍, ബാംഗ്ലൂര്‍, അഹമ്മദാബാദ് സ്‌ഫോടനങ്ങളുടെ സൂത്രധാരനെന്ന് ഗുജറാത്ത് പോലീസ് കരുതുന്ന അബ്ദുല്‍ സുഭാന്‍ ഖുറേഷി എന്ന താക്വിര്‍ 2007 ഒക്ടോബറില്‍ കേരളത്തിലെ വാഗമണിലും കര്‍ണാടകത്തിലെ ഹൂബ്ലിയിലും നടന്ന സിമിക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നതായി എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള സഫ്ദര്‍ നഗോരി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ബോംബ് ഉണ്ടാക്കുന്നതില്‍ വിദഗ്ദ്ധനും സോഫ്റ്റ് വേര്‍ എന്‍ജിനീയറുമായ താക്വിര്‍ ഇപ്പോള്‍ ബംഗ്ലാദേശില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നാണ് തടിയന്റവിട നസീര്‍ പോലീസ് കസ്റ്റഡിയിലായത്. കേരളം, ഹൈദരാബാദ്, മധ്യപ്രദേശ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുത്ത സിമി പ്രവര്‍ത്തകരാകാം മുംബൈ സ്‌ഫോടനത്തിന് പിന്നിലെന്നാണ് ഗുജറാത്ത് പോലീസ് , മുംബൈ എ.ടി.എസിനെ അറിയിച്ചിട്ടുള്ളത്. അതേസമയം കേരളത്തിലെ വാഗമണില്‍ നടന്ന തീവ്രവാദ പരിശീലന ക്യാമ്പിലേയ്ക്കും പാനായിക്കുളത്തെ റിക്രൂട്ട്‌മെന്റ് ക്യാമ്പിലേയ്ക്കും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ തിരിയുന്നത്. ഇതുസംബന്ധിച്ച കുറ്റപത്രം എന്‍.ഐ.എ തയാറാക്കിയിട്ടുണ്ട്.
മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് മഹാരാഷ്ട്ര പോലീസിന്റെ പ്രത്യേക സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ‘സിമി’ സംശയത്തിന്റെ നിഴലിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം