കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങളെ ഇല്ലാതാക്കണം: ഹൈക്കോടതി

July 16, 2011 കേരളം

കൊച്ചി: സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഹൈക്കോടതി. മാതൃഭൂമി  ലേഖകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈ.എസ്.പി. ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടി വരുന്നതിനെ നിശിതമായി വിമര്‍ശിക്കുന്നത്.

ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ സമൂഹത്തിന് സമാധാനത്തോടെ ജീവിക്കാനാവില്ല. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പോലീസുദ്യോഗസ്ഥന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചെന്നാണ് ആരോപണം. പോലീസ്തന്നെ സ്വന്തം ആവശ്യത്തിന് ഗുണ്ടകളെ ആശ്രയിക്കുമ്പോള്‍ അതിന് ഇരയാവുന്ന സാധാരണക്കാര്‍ക്ക് നീതി പ്രതീക്ഷിക്കാനാവുമോ എന്ന് കോടതി ചോദിച്ചു. ഒരു പത്രക്കാരനെ ഇല്ലാതാക്കാന്‍ പോലീസുദ്യോഗസ്ഥന്‍ ക്രിമിനല്‍ സംഘത്തെ നിയോഗിക്കുന്നതായി ആരോപണമുയരുമ്പോള്‍ സമൂഹത്തില്‍ ഈ സംവിധാനം എത്ര വ്യാപകമാണെന്ന് വ്യക്തമാവും.

അനിഷ്ടകരമായ വാര്‍ത്ത എഴുതിയ പത്രങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് കൊടുത്തതുകൊണ്ടു മാത്രമായില്ലെന്ന് തോന്നിയാകണം ക്വട്ടേഷന്‍ സംഘത്തെ അയച്ചത്. മറ്റെല്ലാവരും ഇതേ വഴി പിന്തുടര്‍ന്നാല്‍ രാജ്യത്തെ നിയമവാഴ്ച എവിടെച്ചെന്ന് നില്‍ക്കുമെന്ന് കോടതി ചോദിച്ചു.

ഉണ്ണിത്താന്‍ വധശ്രമക്കേസിലെ രണ്ടാം പ്രതി പുഞ്ചിരി മഹേഷ് എന്ന മഹേഷ്, നാലാം പ്രതി ഷഫീക്ക്, അഞ്ചാം പ്രതി കണ്ടെയ്‌നര്‍ സന്തോഷ്, ആറാം പ്രതിയായ കൊല്ലം ഡിവൈ.എസ്.പി. സന്തോഷ് നായര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയിട്ടുള്ളത്. പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. ഏപ്രില്‍ 16ന് രാത്രി 9.45നാണ് ഉണ്ണിത്താനു നേരെ വധശ്രമം നടന്നത്. പരിക്കേറ്റ ഉണ്ണിത്താന്‍ ഇപ്പോഴും ചികിത്സയിലാണ്. അതിനാല്‍ തിരിച്ചറിയല്‍ പരേഡ് നടന്നിട്ടില്ല. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം