അഡ്വ. ടി.പി. സുന്ദരരാജന്‍ അന്തരിച്ചു

July 17, 2011 കേരളം

അഡ്വ.ടി.പി.സുന്ദരരാജന്‍

തിരുവനന്തപുരം: തിരുവനന്തപുരം:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തിന്റെ കണക്കെടുപ്പ്‌ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ അഡ്വക്കേറ്റ്‌ ടി.പി സുന്ദരരാജന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. രണ്ടുദിവസമായി പനിബാധിച്ചു കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി 12.45ന് തിരുവനന്തപുരം ഫോര്‍ട്ട് പടിഞ്ഞാറേനട ‘ശരണാഗതി’യിലാണ് അന്ത്യം. മരണസമയത്ത് സഹോദരന്‍ ടി.പി. കൃഷ്ണനും മകന്‍ അനന്തപത്മനാഭനും സമീപത്തുണ്ടായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ എട്ടിന് പുത്തന്‍കോട്ട ശ്മശാനത്തില്‍ നടക്കും.

ഐ.പി.എസ്‌ ഉദ്യോഗസ്ഥനായിരുന്ന സുന്ദരരാജന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ്‌ ഇപ്പോള്‍ പത്മനാഭസ്വാമിക്ഷേത്രത്തിലെ സമ്പത്തിന്റെ കണക്കെടുപ്പ്‌ നടന്നുവരുന്നത്‌. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ബി സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു സുന്ദരരാജന്‍.

സുന്ദരരാജിന്റെ അച്ഛന്‍ ടി.കെ. പദ്‌മനാഭ അയ്യര്‍ക്ക്‌ പ്രമേഹം ബാധിച്ച്‌ കാഴ്ച നഷ്‌ടപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന്‌ കൊണ്ടുപോകാന്‍ ആളില്ലാതായി. അതിനായി അവിവാഹിതനായ സുന്ദരരാജ്‌ ജോലി രാജിവച്ച്‌ നാട്ടിലെത്തി. അച്ഛനെ ക്ഷേത്ര ദര്‍ശനത്തിന്‌ കൊണ്ടു പൊയ്ക്കൊണ്ടിരുന്ന സുന്ദരരാജന്‍ എന്റോള്‍ ചെയ്‌ത്‌ സുപ്രീം കോടതിയില്‍ അഭിഭാഷകനുമായി. പിന്നീട്‌ പ്രാക്‌ടീസ്‌ നിര്‍ത്തി പൂര്‍ണസമയവും ഭക്തിയുടെ വഴിയിലായിരുന്നു.

സുന്ദരരാജന്‍ ലാ കോളേജിലും ലാ അക്കാഡമിയിലും വിസിറ്റിംഗ്‌ പ്രൊഫസറുമായിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോകുന്നുണ്ടെന്ന് ആരോപിച്ച്‌ കോടതിയെ സമീപിച്ചതോടെയാണ്‌ സുന്ദരരാജന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം